ഗാസ സിറ്റി: ജനവാസ കേന്ദ്രത്തില്‍ ഹമാസ് ഉപയോഗിച്ചിരുന്ന രഹസ്യ തുരങ്കം തകര്‍ത്ത് ഇസ്രായേല്‍ സൈന്യം. സെന്‍ട്രല്‍ ഗാസയിലാണ് ഒരു കിലോമീറ്റര്‍ വരുന്ന തുരങ്കം ഇസ്രായേല്‍ സൈന്യം തകര്‍ത്തത്. ഹമാസ് അണ്ടര്‍ഗ്രൗണ്ട് ഓപ്പറേഷനുകള്‍ക്കായി ഉപയോഗിച്ചിരുന്ന ഇടമാണിതെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.
റസിഡന്‍ഷ്യല്‍ ബില്‍ഡിംഗുകളുടെയും ആളുകള്‍ താമസിക്കുന്നതിന്റെയും ഇടയിലായിരുന്നു തുരങ്കം. അകത്തേക്ക് കയറുന്ന ഭാഗത്ത് മണ്ണ് മാറ്റിയിട്ടിരുന്ന നിലയിലാണ്. ഒരാള്‍ക്ക് കുനിഞ്ഞ് അകത്ത് കയറാം. പിന്നെ അനായാസം നടന്നു പോകാവുന്ന തരത്തിലാണ് നിര്‍മാണം.
തുരങ്കത്തിന്റെ വീഡിയോയും ഇസ്രായേല്‍ സൈന്യം പങ്കുവച്ചിട്ടുണ്ട്. പടിക്കെട്ടുകള്‍ ഉള്‍പ്പെടെ ഇതിനുണ്ട്. ഒരാള്‍ക്ക് മാത്രം നടന്നുപോകാനുളള വീതിയിലാണ് വഴി തയ്യാറാക്കിയിരിക്കുന്നത്. പ്രത്യേക അറകളും ആയുധങ്ങളും ഉപകരണങ്ങളും ഇവിടെ നിന്നും കണ്ടെത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.