ഹോളിവുഡ്  നിർമാതാവ് ഹാർവി വെയ്ൻസ്‌റ്റെയിന് എതിരെയുള്ള ബലാത്സംഗ, ലൈംഗികാതിക്രമ കേസുകളിൽ പുനർവിചാരണ. ആരോഗ്യസ്ഥിതി മോശമായ വെയ്ൻ‌സ്റ്റൈൻ വീൽചെയറിൽ കോടതിയിൽ ഹാജരായി. ബുധനാഴ്ച ആരംഭിച്ച  വിചാരണയിൽ മോഡലിൽ നിന്നുള്ള പരാതിയിൽ പുതിയ കുറ്റങ്ങൾ ചുമത്തി.  16 വയസ്സുള്ളപ്പോൾ സിനിമയിൽ  അവസരം വാഗ്ദാനം ചെയ്ത്  ഹാർവി  തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സൊക്കോള ആരോപിച്ചു.

 വെയ്ൻ‌സ്റ്റൈൻ തന്റെ ഇൻഡസ്ട്രിയിലെ അധികാരം ഉപയോഗിച്ച് സ്ത്രീകളെ നിയന്ത്രിക്കാനും നിശബ്ദരാക്കാനും ശ്രമിച്ചുവെന്ന് പ്രോസിക്യൂട്ടർ ഷാനൻ ലൂസി ജൂറിയോട് പറഞ്ഞു. എന്നാൽ വെയ്ൻ‌സ്റ്റൈൻ കുറ്റക്കാരനല്ലെന്നും  സ്ത്രീകൾ അവരുടെ  ആവശ്യങ്ങൾ നേടിയെടുക്കാൻ ഹാർവിയെ ഉപയോഗിച്ചെന്നും, സ്ത്രീകൾ സ്വന്തം ഇഷ്ടപ്രകാരമാണ്  വെയ്ൻ‌സ്റ്റൈനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും  അദ്ദേഹത്തിന്റെ അഭിഭാഷകൻ ആർതർ ഐഡാല വാദിച്ചു.

 2020-ൽ വെയ്ൻ‌സ്റ്റൈനിന് ശിക്ഷ വിധിച്ച വിധി ന്യൂയോർക്ക് കോടതി റദ്ദാക്കിയതിനെ തുടർന്നാണ് പുനഃവിചാരണയ്ക്ക് ഉത്തരവിട്ടത്. സൊക്കോളയുടെ ക്രിമിനൽ പരാതി ഇപ്പോൾ കേസിൽ ചേർത്തിട്ടുണ്ട്. ഹോളിവുഡിലെ പ്രമുഖ താരങ്ങളായ ആഷ്ലി ജൂഡ്, സല്‍മ ഹയെക് ഉള്‍പ്പടെ നിരവധി നടിമാരും വെയ്ന്‍സ്റ്റീനിന് എതിരേ രംഗത്തെത്തിയിരുന്നു.