ചെന്നൈ: രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും ചേർന്ന ഏഴാംവിക്കറ്റ് കൂട്ടുകെട്ടില്ലായിരുന്നെങ്കിൽ, ചെപ്പോക്കിൽ ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ ഇന്ത്യയുടെ നില പരുങ്ങലിലാവുമായിരുന്നു. 144 റൺസിനിടെ ആറുവിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ 339-ന് ആറ് എന്ന നിലയിലെത്തിച്ചത് അശ്വിന്റെ സെഞ്ചുറിയും ജഡേജയുടെ അർധ സെഞ്ചുറിയും നിറഞ്ഞ കൂട്ടുകെട്ടാണ്.

ഇരുപത്തിനാലുകാരനായ ബംഗ്ലാദേശ് പേസർ ഹസൻ മഹ്മൂദാണ് ഇന്ത്യൻ മുന്നേറ്റത്തിന്റെ മുനയൊടിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത് തുടങ്ങിയുള്ള ആദ്യ നാല് വിക്കറ്റും നേടിയത് ഹസൻ മഹ്മൂദാണ്. രോഹിത് ശർമയെ നജ്മുൽ ഹുസൈൻ ഷാന്റോയുടെ കൈകളിലേക്കും ബാക്കി മൂന്നുപേരെ വിക്കറ്റ് കീപ്പർ ലിറ്റൺ ദാസിന്റെ കൈകളിലേക്കും നൽകിയാണ് ഹസൻ നാലുവിക്കറ്റ് നേട്ടം നടത്തിയത്. 

പ്രഗല്ഭരായ മുന്നേറ്റനിരയെ ഒന്നൊന്നായി ഹസൻ മടക്കിയയച്ചപ്പോൾ ചെപ്പോക്ക് സ്റ്റേഡിയത്തിലെ കാണികളും ഇന്ത്യയാകെതന്നെയുള്ള ആരാധകരും ഞെട്ടിപ്പോയി. ആദ്യ പത്തോവറിൽ കോലിയെയും രോഹിത്തിനെയും ഗില്ലിനെയും തിരിച്ചയച്ച ഹസനിലെ മികവ്, ഇന്ത്യയെ പരുങ്ങലിലാക്കി. വാസ്തവത്തിൽ ഹസൻ ബംഗ്ലാദേശിന് ഈ വിധത്തിലുള്ള ബ്രേക്ക്ത്രൂ നൽകുന്നത് ഇതാദ്യമല്ല. അടുത്ത് കഴിഞ്ഞ പാകിസ്താൻ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര കണ്ടയാളുകളൊന്നും ഹസന്റെ ഈ മികവിൽ വലിയ അദ്ഭുതം പ്രകടിപ്പിക്കില്ല. എന്തെന്നാൽ അന്ന് അഞ്ചുവിക്കറ്റ് നേടി പാകിസ്താന്റെ നട്ടെല്ലൊടിച്ചതാണ് ഈ വലംകൈയൻ പേസർ. റാവൽപിണ്ടിയിൽ നടന്ന ടെസ്റ്റിൽ നാലാംദിവസമായിരുന്നു ഇത്. 43 റൺസ് വഴങ്ങിയാണ് അഞ്ചുവിക്കറ്റ് നേടിയത്.

രോഹിത് ശർമ സ്ലിപ്പിൽ ഷാന്റോയ്ക്ക് ക്യാച്ച് നൽകി മടങ്ങിയതൊഴിച്ചാൽ ഹസൻ ബാക്കി നേടിയ മൂന്ന് വിക്കറ്റുകളും വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയുള്ളതാണ്. അതും വിരാട് കോലി, രോഹിത് ശർമ പോലുള്ള വമ്പന്മാരെ കബളിപ്പിച്ചുകൊണ്ട്. തന്റെ കഴിവും പരിമിതിയും തിരിച്ചറിഞ്ഞുകൊണ്ട്, കുറ്റമറ്റ ലൈനും ലെങ്തും പാലിച്ച് നടത്തിയ പന്തേറുകൊണ്ടാണ് ഹസൻ മിടുക്ക് കാണിക്കുന്നത്. 

2020-ലാണ് ഹസൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തുന്നത്. ആദ്യഘട്ടങ്ങളിൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ മാത്രമായിരുന്നു ഹസനെ ഉൾപ്പെടുത്തിയിരുന്നത്. ഈവർഷമാദ്യം ശ്രീലങ്കയ്ക്കെതിരെയാണ് ഹസന്റെ ടെസ്റ്റ് അരങ്ങേറ്റം. അടുത്തുകഴിഞ്ഞ പാകിസ്താനെതിരായ രണ്ടാമത്തെ ടെസ്റ്റിൽ അഞ്ചുവിക്കറ്റ് നേടി. ടെസ്റ്റിൽ പാകിസ്താനെതിരേ ഒരു ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ നേടുന്ന ആദ്യ അഞ്ചുവിക്കറ്റ് നേട്ടമാണിത്. പരമ്പര ബംഗ്ലാദേശ് 2-0ന് ചരിത്ര വിജയം നേടിയപ്പോൾ അതിൽ നിർണായകമായ പങ്കുവഹിച്ചിരുന്നു ഹസൻ മഹ്മൂദ്. 

മൂന്ന് ടെസ്റ്റുകളിൽനിന്നായി 14 വിക്കറ്റുകൾ ഹസന്റെ പേരിലുണ്ട്. ചെന്നൈയിൽ ഇന്ന് ഒന്നാംദിനം പൂർത്തിയായ ടെസ്റ്റിലെ വിക്കറ്റുകൾ കൂട്ടാതെയാണിത്. ഏകദിനത്തിൽ മുപ്പതും ടി20-യിൽ പതിനെട്ടും വിക്കറ്റുകളുമുണ്ട്. പേസ്, കൃത്യത, സ്വിങ്ങിങ് മികവ് എല്ലാം കൂടിച്ചേർന്ന ബൗളറാണ് ഹസൻ. മികച്ച ഫീൽഡിങ് കാഴ്ചവെയ്ക്കുന്നതും കാണാറുണ്ട്.