തെക്കുകിഴക്കൻ ആഫ്രിക്കയിലെ പതിനേഴ് രാജ്യങ്ങളും ആരോഗ്യരംഗത്ത് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും, നിരവധി സംക്രമികരോഗങ്ങൾ പ്രദേശത്തെ വിവിധ രാജ്യങ്ങളിൽ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഫെബ്രുവരി 20 വ്യാഴാഴ്ച പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കുകിഴക്കൻ പ്രദേശങ്ങളിലെ സാധാരണജനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ശിശുക്ഷേമനിധി വിശദീകരിച്ചത്.
ഈ പ്രദേശത്തെ കാലാവസ്ഥാ പ്രതിസന്ധികൾക്ക് പുറമെ, അടുത്തിടെ പൊട്ടിപ്പുറപ്പെട്ട കോളറ, വസൂരി, വൈറൽ പനി തുടങ്ങിയവ ഇവിടങ്ങളിലുള്ള ദശലക്ഷക്കണക്കിന് കുട്ടികളുടെ ജീവന് വലിയ ഭീഷണിയുയർത്തുന്നുണ്ടെന്ന് യൂണിസെഫ് വ്യക്തമാക്കി. ആരോഗ്യരംഗമുൾപ്പെടെയുള്ള ഇടങ്ങളിൽ സുരക്ഷിതമായി ജീവിക്കാനുള്ള കുട്ടികളുടെ അവകാശത്തെ നിലവിലെ ആരോഗ്യപ്രതിസന്ധി തകർക്കുകയാണെന്ന് യൂണിസെഫിന്റെ തെക്കുകിഴക്കൻ ആഫ്രിക്കയിലേക്കുള്ള പ്രാദേശികവിഭാഗം ഡയറക്ടർ ശ്രീമതി എത്ലേവ കാദില്ലി പ്രസ്താവനയിലൂടെ വ്യക്തമാക്കി. എല്ലാ വെല്ലുവിളികൾക്ക് മുന്നിലും കുട്ടികൾക്ക് നല്ല രീതിയിൽ വളർന്നുവരാനുള്ള സാഹചര്യങ്ങളൊരുക്കാനായി പ്രാദേശിക, ആഗോളതലങ്ങളിൽ ഏവരുടെയും ഒരുമിച്ചുള്ള പ്രവർത്തനം ആവശ്യമാണെന്ന് യൂണിസെഫ് എഴുതി.
പ്രദേശത്തെ പതിനേഴ് രാജ്യങ്ങളിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പോളിയോ, അഞ്ചാംപനി, ഡിഫ്തീരിയ തുടങ്ങിയവ പ്രതിരോധമരുന്നുകൾ ലഭ്യമാക്കുന്നത് വഴി ഒഴിവാക്കാനാകുന്ന അസുഖങ്ങളാണെന്ന് യൂണിസെഫ് ഓർമ്മിപ്പിച്ചു.
ടാൻസാനിയയിൽ മാർബർഗ് വൈറസ് വഴിയുള്ള അസുഖങ്ങളും, സുഡാനിലും ഉഗാണ്ടയിലും എബോളയും, ബുറുണ്ടി, ഉഗാണ്ട എന്നിവിടങ്ങളിൽ വസൂരിയും, അംഗോള, ബുറുണ്ടി, തെക്കൻ സുഡാൻ, സാംബിയ, സിംബാബ്‌വെ തുടങ്ങി 12 രാജ്യങ്ങളിൽ കോളറയും പടരുന്നുണ്ടെന്ന് ശിശുക്ഷേമനിധി തങ്ങളുടെ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
അംഗപരിമിതികൾ ഉള്ളവരും, ദുർബലവിഭാഗങ്ങളിലുള്ളവരുമായ കുട്ടികളുൾപ്പെടെ ഏവർക്കും അത്യാവശ്യസേവനങ്ങൾ ഉറപ്പുവരുത്താനായി തങ്ങൾ പരിശ്രമിച്ചുകൊണ്ടിരിക്കുകയെണെന്ന് യൂണിസെഫ് അറിയിച്ചു. കുട്ടികളുടെ സംരക്ഷണത്തിനും, അവരുടെ പരിപാലനത്തിനുമായി വേണ്ട സാമ്പത്തികസഹായത്തിന് പ്രാധാന്യം നൽകുന്നത് തുടരണമെന്ന് ശ്രീമതി ഖാദില്ലി കൂട്ടിച്ചേർത്തു.