ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും തുടരുന്ന ശക്തമായ മഴയിൽ ഒൻപത് മരണം. രണ്ട് ദിവസമായി തുടരുന്ന മഴയിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പൊലീസിൻറെയും എൻഡിആർഎഫിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. വിജയവാഡയിലുണ്ടായ മണ്ണിടിച്ചിലിലാണ് നാല് പേർ മരിച്ചത്. മഴ സാഹചര്യം വിലയിരുത്താൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. മഴക്കെടുതികളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ ശക്തമായതോടെ ഇരു സംസ്ഥാനങ്ങളിലെയും ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. വിജയവാഡ റൂറലിലെ അംബാരും നുന്ന, നൈനാവരം പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. ഇവിടെയുള്ള ദുരിതബാധിതരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലധികം ദുരിതാശ്വാസക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. കനത്തമഴയെ തുടർന്ന് റെയിൽവെ ട്രാക്കിൽ വെള്ളം കയറിയതിനാൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി. 20 അന്തർസംസ്ഥാന ട്രെയിൻ സർവീസുകൾ പൂർണമായും റദ്ദാക്കിയപ്പോൾ 30 ലധികം സർവീസുകൾ വഴിതിരിച്ചുവിട്ടു.
തെലങ്കാനയിലും മഴ ശക്തമായി തുടരുകയാണ്. ഹൈദരാബാദിലുൾപ്പെടെ കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിമാർ ഉയർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ദേശീയ ദുരന്ത നിവാരണ സംഘത്തിനൊപ്പം സംസ്ഥാന സർക്കാറിന്റെ വിവിധ വകുപ്പുകളും സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
അതേസമയം കനത്ത മഴയെ തുടർന്ന് ദുരിതമനുഭവിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ഇരു പ്രദേശങ്ങളിലെയും സാഹചര്യങ്ങൾ വിലയിരുത്തിയ പ്രധാനമന്ത്രി പ്രതിസന്ധിയെ തരണം ചെയ്യാൻ കേന്ദ്രസഹായമുണ്ടാകുമെന്നും വ്യക്തമാക്കി.