ലെബനനിലെ ബെയ്റൂട്ടിൽ നടന്ന വൻ വ്യോമാക്രമണത്തിൽ ലെബനനിലെ ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ശനിയാഴ്ച അവകാശപ്പെട്ടു. ഹിസ്ബുള്ള നേതൃത്വം ബെയ്റൂട്ടിൻ്റെ തെക്ക് ദഹിയയിലെ അവരുടെ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയപ്പോൾ വ്യോമസേനയുടെ ജെറ്റുകൾ കൃത്യമായ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം പറഞ്ഞു.

“ഹസൻ നസ്‌റല്ലയ്ക്ക് ഇനി ലോകത്തെ ഭയപ്പെടുത്താൻ കഴിയില്ല,” ഐഡിഎഫ് ട്വീറ്റ് ചെയ്തു. അതേസമയം 1992 മുതൽ സംഘടനയുടെ തലവനായി ചുമതലയേറ്റ നസ്‌റല്ലയ്ക്ക് പരിക്കില്ല എന്നാണ് ഹിസ്ബുള്ള വക്താവിൻ്റെ പ്രതികരണം.

സമീപ മാസങ്ങളിൽ ഇസ്രയേലിൻ്റെ എതിരാളികൾക്കെതിരായുള്ള കൊലപാതകങ്ങളുടെ പരമ്പരയ്ക്കിടയിലാണ് ഈ സംഭവം. ഹമാസിൻ്റെ രാഷ്ട്രീയ വിഭാഗം മേധാവി ഇസ്മായിൽ ഹനിയയെയും ഹിസ്ബുല്ലയുടെ ഉന്നത കമാൻഡർ ഫുആദ് ഷുക്കിനെയും ജൂലൈയിൽ കൊലപ്പെടുത്തിയിരുന്നു.