ഉത്തര്‍പ്രദേശില്‍ എല്ലാ മതങ്ങളില്‍ നിന്നുമുള്ള ആളുകള്‍ സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഹിന്ദുക്കള്‍ സുരക്ഷിതരാണെങ്കില്‍ മുസ്ലീങ്ങളും സുരക്ഷിതരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍, താന്‍ ഒരു ‘യോഗി’ ആണെന്നും എല്ലാവരുടെയും സന്തോഷം ആഗ്രഹിക്കുന്നുവെന്നും ആദിത്യനാഥ് പറഞ്ഞു. 

മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഹിന്ദു കുടുംബങ്ങള്‍ സുരക്ഷിതരല്ലെന്ന് യോഗി പറഞ്ഞു. ബംഗ്ലാദേശിലെയും പാകിസ്ഥാനിലെയും സാഹചര്യമാണ് ഇതിനായി അദ്ദേഹം ഉയര്‍ത്തിക്കാട്ടിയത്. ‘100 ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ ഏറ്റവും സുരക്ഷിതമായത് ഒരു മുസ്ലീം കുടുംബമാണ്. എല്ലാ മതപരമായ ആചാരങ്ങളും അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടാകും. എന്നാല്‍ 100 മുസ്ലീം കുടുംബങ്ങളുടെയിടയില്‍ 50 ഹിന്ദുക്കള്‍ക്ക് സുരക്ഷിതരായിരിക്കാന്‍ കഴിയുമോ? ഇല്ല. ബംഗ്ലാദേശ് ഒരു ഉദാഹരണമാണ്. ഇതിനുമുമ്പ്, പാകിസ്ഥാന്‍ ഒരു ഉദാഹരണമായിരുന്നു. അഫ്ഗാനിസ്ഥാനില്‍ എന്താണ് സംഭവിച്ചത്?,’ യോഗി ചോദിച്ചു.

2017 ല്‍ ബിജെപി അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനം ഒരു വര്‍ഗീയ കലാപത്തിനും സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. ‘ഉത്തര്‍പ്രദേശില്‍ മുസ്ലീങ്ങളാണ് ഏറ്റവും സുരക്ഷിതര്‍. ഹിന്ദുക്കള്‍ സുരക്ഷിതരാണെങ്കില്‍ അവരും സുരക്ഷിതരാണ്. 2017 ന് മുമ്പ് യുപിയില്‍ കലാപങ്ങളുണ്ടായിരുന്നെങ്കില്‍, ഹിന്ദുക്കളുടെ കടകള്‍ കത്തിച്ചിരുന്നെങ്കില്‍, മുസ്ലീം കടകളും കത്തുമായിരുന്നു. ഹിന്ദു വീടുകള്‍ കത്തുന്നുണ്ടെങ്കില്‍, മുസ്ലീം വീടുകളും കത്തിയിരുന്നു. 2017 ന് ശേഷം കലാപങ്ങള്‍ നിലച്ചു,’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ഒരു സാധാരണ പൗരനാണ്, ഉത്തര്‍പ്രദേശിലെ ഒരു പൗരനാണ്. എല്ലാവരുടെയും സന്തോഷം ആഗ്രഹിക്കുന്ന ഒരു യോഗിയാണ് ഞാന്‍. എല്ലാവരുടെയും പിന്തുണയിലും വികസനത്തിലും ഞാന്‍ വിശ്വസിക്കുന്നു,’ യോഗി പറഞ്ഞു. ലോകത്തിലെ ഏറ്റവും പുരാതനമായ മതമാണ് സനാതന ധര്‍മ്മം എന്നും ഹിന്ദു ഭരണാധികാരികള്‍ മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിച്ചതിന് ലോക ചരിത്രത്തില്‍ ഉദാഹരണങ്ങളൊന്നുമില്ലെന്നും യോഗി ആദിത്യനാഥ് ഊന്നിപ്പറഞ്ഞു.