ന്യൂഡല്‍ഹി: ആഗോള ഇസ്ലാമിക സംഘടനയായ ഹിസ്ബ്-ഉത്-തഹ്രീറിനെ (എച്ച്‌യുടി) ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇന്ത്യ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്. ഭീകരതയോട് ഒട്ടും സഹിഷ്ണുതയില്ലാത്ത പ്രധാനമന്ത്രി നരേന്ദ്രമോദി നയം പിന്തുടര്‍ന്നാണ് നിരോധനമെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.  

‘ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന വിധം ഭീകര സംഘടനകളില്‍ ചേരുന്നതിന് യുവാക്കളെ പ്രേരിപ്പിക്കുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുകയും ചെയ്യുകയാണ് ഈ സംഘടന. ഭീകരതയുടെ ശക്തികളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് കൈകാര്യം ചെയ്ത് ഭാരതം സുരക്ഷിതമാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്,” ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ആപ്പുകളും ഉപയോഗിച്ച് ‘ദവ’ മീറ്റിംഗുകള്‍ നടത്തി തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിക്കുകയാണ് സംഘടന ചെയ്യുന്നതെന്നും അമിത് ഷാ പറഞ്ഞു. 

‘ജിഹാദിലൂടെയും തീവ്രവാദ പ്രവര്‍ത്തനങ്ങളിലൂടെയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിച്ച് ഇന്ത്യ ഉള്‍പ്പെടെ ആഗോളതലത്തില്‍ ഇസ്ലാമിക രാഷ്ട്രവും ഖിലാഫത്തും സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന ഒരു സംഘടനയാണ് എച്ച്‌യുടി. ഇത് ജനാധിപത്യ സംവിധാനത്തിനും ആഭ്യന്തര സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണ്. രാജ്യം,” കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തി. 

പുതുച്ചേരിയില്‍ ഇന്ത്യ വിരുദ്ധ സംഘടനയുടെ ആശയങ്ങളും വിഘടനവാദവും പ്രചരിപ്പിച്ചതിന് തമിഴ്നാട് ഹിസ്ബ്-ഉത്-തഹ്രീര്‍ കേസിലെ ഒരു പ്രധാന പ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. 1953-ല്‍ ജറുസലേമില്‍ സ്ഥാപിതമായ ഹിസ്ബ്-ഉത്-തഹ്രീറിന്റെ ഇപ്പോഴത്തെ ആസ്ഥാനം ലെബനനിലാണ്. യുകെ, യുഎസ്, കാനഡ, ഓസ്ട്രേലിയ എന്നിവയുള്‍പ്പെടെ കുറഞ്ഞത് 30 രാജ്യങ്ങളില്‍ ഇത് പ്രവര്‍ത്തിക്കുന്നു.