ഈയാഴ്ചയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഒന്നിലധികം ഇന്ത്യന്‍ വിമാനങ്ങള്‍ക്കുനേരെ വ്യാജ ബോംബ് ഭീഷണിയെത്തിയതും വിമാനത്താവള അധികൃതരെയും യാത്രക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിയതും. ഈ തിങ്കളാഴ്ച മുതല്‍, 24 ഇന്ത്യന്‍ വിമാനക്കമ്പനികളുടെ സര്‍വീസുകളുടെ നേര്‍ക്ക് ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. എല്ലാം വ്യാജമാണെന്ന് തെളിഞ്ഞെങ്കിലും ഓരോ ഭീഷണി ഉയര്‍ന്നാലും സ്വീകരിക്കേണ്ട സുരക്ഷാ നടപടികള്‍ യാത്രക്കാര്‍ക്കും അധികൃതര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

ഇപ്പോഴിതാ, വിവിധ വിമാനങ്ങള്‍ക്കുനേരെ വ്യാജ ബോംബ് ഭീഷണിയുയര്‍ത്തിയ 10 സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ സുരക്ഷാ ഏജന്‍സികള്‍ നടപടിയെടുത്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഇതുവരെ 10 അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്തുവെന്നും സൈബര്‍, ഏവിയേഷന്‍ സെക്യൂരിറ്റി, ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്നിവയുടെ സംയുക്ത സംഘം ഹാന്‍ഡിലുകള്‍ വിശകലനം ചെയ്തതിനെ തുടര്‍ന്നാണ് ഈ അക്കൗണ്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

എക്‌സ് പ്ലാറ്റ്‌ഫോമിലുള്ള അക്കൗണ്ടുകളാണ് ഇതില്‍ ഭൂരിഭാഗവും. ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്ന വിമാനങ്ങള്‍ക്കുനേരെയാണ് വ്യാജ ബോംബ് ഭീഷണി ഉണ്ടായത്. എല്ലാ ഭീഷണികളിലെയും വാചകഘടനയും വാക്കുകളും വാചകങ്ങളും തമ്മില്‍ സാമ്യം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. 

നിലവില്‍ ഈ അക്കൗണ്ടുകള്‍ എവിടെനിന്നാണ് പ്രവര്‍ത്തിപ്പിച്ചത് എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ടെന്നും ലഭിച്ച വിവരങ്ങള്‍ അപ്പപ്പോള്‍ മേലധികാരികളിലേക്ക് കൈമാറുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമൂഹമാധ്യമങ്ങളിലും ഡാര്‍ക്ക് വെബിലും നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ഏജന്‍സികള്‍ അറിയിച്ചു.