വിമാനത്താവള അധികൃതരെയും യാത്രക്കാരെയും പരിഭ്രാന്തിയിലാക്കിയ വിമാനങ്ങളിലെ വ്യാജ ബോംബ് ഭീഷണി സന്ദേശത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളായ എക്സും മെറ്റയും സഹകരിക്കുന്നില്ലെന്ന് കേന്ദ്രം. കമ്പനികളുടെ നിസ്സഹകരണത്തെ കേന്ദ്ര സര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിച്ചു. 

ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ മെറ്റ്, എക്‌സ് പ്രതിനിധികളുമായി ഒരു മീറ്റിംഗ് നടത്തുകയും വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിന് വേഗത്തില്‍ നടപടിയെടുക്കാനും ആവശ്യപ്പെട്ടു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നാണ് കമ്പനികള്‍ അറിയിച്ചത്. എന്നാല്‍, കൃത്യമായ ചട്ടപ്രകാരം മാത്രമേ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കൂവെന്നും നിയമ വ്യവസ്ഥകള്‍ക്കനുസൃതമായി വിവരങ്ങള്‍ക്കായുള്ള അപേക്ഷകള്‍ വരുമ്പോള്‍ കൃത്യമായി വിവരം കൈമാറുന്നുണ്ടെന്നുമാണ് അറിയിച്ചത്. 

വ്യാജ ഹാന്‍ഡിലുകളുടെ ഉപയോക്തൃ വിശദാംശങ്ങള്‍ നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിന് ഐടി മന്ത്രാലയം കമ്പനികളെ വലിച്ചിഴക്കുന്നത് കുറ്റവാളികള്‍ രക്ഷപ്പെടാന്‍ കാരണമാകും. നടപടികള്‍ വേഗത്തിലാക്കുമെന്ന് കമ്പനികള്‍ സര്‍ക്കാരിന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സോഷ്യല്‍മീഡിയ കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം, വ്യാജ സന്ദേശമയച്ച എല്ലാ ഹാന്‍ഡിലുകളും വ്യാജമാണെന്ന് ദില്ലി പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണ സംഘം സോഷ്യല്‍മീഡിയ കമ്പനികളുടെ സഹായം തേടിയത്. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഓരാഴ്ചക്കിടെ ലഭിച്ച വ്യാജ ബോംബ് ഭീഷണിയില്‍ 70 ശതമാനത്തിലധികവും ഒരൊറ്റ എക്സ് അക്കൗണ്ടില്‍ നിന്നെന്നാണ് റിപ്പോര്‍ട്ട്. 

നിരവധി വിമാനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് വൈകിയത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് എയര്‍ലൈന്‍ കമ്പനികള്‍ക്കുണ്ടായത്. ഞായറാഴ്ച മാത്രം രാജ്യത്ത് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര, ആകാശ എയര്‍ തുടങ്ങിയ കമ്പനികളുടെ 32 വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണിയുണ്ടായത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വിമാനങ്ങള്‍ക്ക് ലഭിച്ചത് 100ലധികം ബോംബ് ഭീഷണികളാണ്. കഴിഞ്ഞ ഒരാഴ്ചയായി നൂറോളം വിമാനങ്ങള്‍ക്ക് വിവിധ വിമാനത്താവളങ്ങളിലായാണ് ഭീഷണി സന്ദേശം ലഭിച്ചത്. 

എന്നാല്‍, ഈ ഭീഷണി സന്ദേശങ്ങളെല്ലാം ഒരാള്‍ തന്നെയാണ് അയയ്ക്കുന്നത് എന്ന സംശയവും പൊലീസിനുണ്ട്. സന്ദേശം അയയ്ക്കുന്നവര്‍ ഐപി വിലാസം അടക്കം മറയ്ക്കുന്നതിന് വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക്) ഉപയോഗിക്കുന്നതും പൊലീസിന് വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് ഭീഷണി സന്ദേശം അയച്ച അക്കൗണ്ടുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടി നെടുമ്പാശ്ശേരി പൊലീസും എക്സിനെ സമീപിച്ചിട്ടുള്ളത്. 

അതിനിടെ, വിമാനങ്ങള്‍ക്കെതിരെയുള്ള വ്യാജ ബോംബ് ഭീഷണി ഗൗരവതരമാണെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇത്തരം സംഭവങ്ങളെ ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. വ്യോമയാന സുരക്ഷാ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ ആലോചിക്കുന്നുവെന്നും മന്ത്രി അറിയിച്ചിരുന്നു.