വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണിതുടരുന്ന പശ്ചാത്തലത്തിൽ സമൂഹമാധ്യമമായ എക്‌സിനെതിരെ കേന്ദ്രസർക്കാർ. എക്‌സിന്റേത് പ്രേരണകുറ്റത്തിന് തുല്യമായ നടപടികൾ എന്ന് കേന്ദ്ര ഐ ടി മന്ത്രാലയം വ്യക്തമാക്കി. അന്തരാഷ്ട്ര സർവീസ് നടത്തുന്ന 79 വിമാനങ്ങൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. ഒരാഴ്ചയിൽ 180 ഓളം വിമാനങ്ങൾക്ക് നേരെ ഭീഷണി ഉണ്ടായി.

വ്യാജ ഭീഷണികളെ തുടർന്ന് 9 ദിവസത്തിനുള്ളിൽ വിമാനക്കമ്പനികൾക്ക് 600 കോടി രൂപയിലേറെ നഷ്ടം ഉണ്ടായതായാണ് കണക്ക്. ഭീഷണി സന്ദേശം അയക്കുന്ന ശൈലി മാറ്റിയതായി അന്വേഷണ ഏജൻസി കണ്ടെത്തി. നേരത്തെ ഒരു എക്സ് ഹാൻഡിൽ ഒന്നിലേറെ എയർലൈനുകൾക്ക് ഭീഷണികൾ അയച്ചിരുന്നു എങ്കിൽ, നിലവിൽ ഭീഷണികൾ ലഭിക്കുന്നത് വ്യത്യസ്ത ഹാൻഡിലുകളിൽ നിന്നാണ്.

ഈ സാഹചര്യത്തിൽ കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയ ജോയിൻ്റ് സെക്രട്ടറി സങ്കേത് എസ് ബോണ്ട്‌വെ എയർലൈനുകളുടെയും സമൂഹമാധ്യമപ്രതിനിധികളുടെയും ഓൺലൈൻ യോഗം വിളിച്ചു.
യോഗത്തിൽ എക്‌സിനു നേരെ കടുത്ത വിമർശനമാണ് ഉണ്ടായത്. ഭീഷണികളെ നേരിടാൻ സ്വീകരിച്ച നടപടികളെക്കുറിച്ചറിയിക്കാൻ കേന്ദ്രസർക്കാർ എക്‌സിനോട് ആവശ്യപ്പെട്ടു.