നടി ഹണി റോസിൻ്റെ ലൈംഗികാധിക്ഷേപ പരാതിയിൽ പ്രതികരിച്ച ബോബി ചെമ്മണ്ണൂർ തനിക്കെതിരായ ആരോപണം നിഷേധിച്ചു. മോശമായി ഒന്നും താൻ പറഞ്ഞിട്ടില്ലെന്നും ഹണി റോസിന് വിഷമമുണ്ടായതിൽ തനിക്കും വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം സെൻട്രൽ പൊലീസിനാണ് നാല് മാസം മുൻപ് നടന്ന സംഭവത്തിൽ നടി പരാതി നൽകിയത്. ഭാരതീയ ന്യായ് സംഹിത 75ാം വകുപ്പ് പ്രകാരമാണ് പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്.

സ്വർണ്ണവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടയിൽ ഉടമ നടത്തിയ ദ്വയാർത്ഥ പ്രയോഗങ്ങൾക്കും കമന്റുകൾക്കുമെതിരെ നടി നേരത്തെ പരസ്യമായ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന് താഴെ രൂക്ഷമായ സൈബർ അധിക്ഷേപം നടന്നു. പിന്നാലെ നടി പൊലീസിനെ സമീപിക്കുകയും അശ്ലീല കമൻ്റിട്ടവ‍ർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ആദ്യം നൽകിയ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതിപ്പെട്ടിരുന്നില്ല. ഇന്ന് ഇദ്ദേഹത്തിനെതിരെ എറണാകുളം സെൻട്രൽ പൊലീസിൽ നേരിട്ടെത്തി താരം പരാതി നൽകുകയും ഇക്കാര്യം ഇൻസ്റ്റഗ്രാമിൽ ബോബി ചെമ്മണ്ണൂരിനുള്ള പരസ്യമായ കത്തിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

നിലവിലുള്ള 30 കേസുകൾക്ക് പുറമെ അശ്ലീല കമന്റ് ഇടുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഉടനടി കേസെടുക്കാനാണ് പൊലീസിൻ്റെ തീരുമാനം. കുമ്പളം സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇയാൾ കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങി. അശ്ലീല കമൻ്റിട്ട മറ്റ് 20 ഓളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ‍ർക്കെതിരെ നടപടികളിലേക്ക് പൊലീസ് നീങ്ങി. ഇതേ കുറ്റം ചെയ്ത വ്യാജ പ്രൊഫൈലുകളുടെ വിവരം തേടി പൊലീസ് മെറ്റ കമ്പനിയെയും സമീപിച്ചിട്ടുണ്ട്.