സനാ: യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയുടെ അതിശക്തമായ ആക്രമണം.യുദ്ധക്കപ്പലുകളും വിമാനങ്ങളും പങ്കെടുത്ത ആക്രമണത്തിൽ 15 ഹൂതി കേന്ദ്രങ്ങൾ തകർത്തെന്ന് അമേരിക്കയുടെ സൈനിക വക്താവ് വ്യക്തമാക്കി. ചെങ്കടലിൽ എണ്ണക്കപ്പൽ തകർക്കുന്ന ദൃശ്യങ്ങൾ ഹൂതികൾ പുറത്തുവിട്ടതിന് പിന്നാലെയാണ് അമേരിക്ക തിരിച്ചടിച്ചത്. ചരക്കു കപ്പലുകൾ ആക്രമിച്ചുകൊണ്ട് ആഗോള സാമ്പത്തിക വ്യവസ്ഥയെ തന്നെ തകിടം മറിക്കാനുള്ള ഹൂതികളുടെ നീക്കത്തിനുള്ള മറുപടിയായാണ് അമേരിക്കയുടെ ആക്രമണം.

കഴിഞ്ഞ ആറ് മാസത്തിനിടെ നൂറിലേറെ ചരക്കു കപ്പലുകൾക്ക് നേരെയാണ് ഹൂതികൾ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം ഹൂതി കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേലും ആക്രമണം നടത്തിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് സാധാരണയിലും കടുത്ത ഒരു ആക്രമണം ഇന്നലെ അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായത്. നിരവധി യുദ്ധ വിമാനങ്ങളും യുദ്ധക്കപ്പലുകളും ആക്രമണത്തിൽ പങ്കെടുത്തു. ആയുധ സംഭരണ കേന്ദ്രങ്ങളടക്കം 15 ഹൂതി കേന്ദ്രങ്ങൾ തകർത്തുവെന്നാണ് അമേരിക്കയുടെ സൈനിക വക്താവ് വ്യക്തമാക്കിയത്. 

അതേസമയം ലെബനോനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ തുടരുകയാണ്. ഇന്നലെ രാത്രിയും ബെയ്റൂത്തിലടക്കം വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. ലെബനോനിൽ ഇസ്രയേലിന്‍റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2000 കടന്നു.ഒരു ലക്ഷത്തിലേറെ പേർ തെരുവിലാണ്. നിരവധി അഭയാർത്ഥികേന്ദ്രങ്ങൾ സർക്കാർ  തുറന്നിട്ടുണ്ടെങ്കിലും അവിടെയെല്ലാം തിങ്ങിഞെരുങ്ങിയതോടെ കുട്ടികളടക്കം തെരുവിൽ അഭയം തേടിയിരിക്കുകയാണ്. പതിനായിരക്കണക്കിന് പേരാണ് പാലായനം തുടരുന്നത്.