വടക്കൻ ഗസ്സയിൽ ബന്ദിയാക്കിയ ഇസ്രായേലികളിൽ ഭൂരിഭാഗത്തെക്കുറിച്ചും വിവരമില്ലെന്ന് ഹമാസിന്റെ സൈനിക വിഭാഗം. ഇസ്രായേൽ സൈനിക നടപടിമൂലം ഇത്തരമൊരു അവസ്ഥ സംജാതമാകുന്നതിനെക്കുറിച്ച് നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നതായും ഇസ്രായേൽ സൈന്യവും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ഇത് അവഗണിക്കുകയായിരുന്നുവെന്നും ഹമാസ് കുറ്റപ്പെടുത്തി. തടവുകാരുടെ മരണത്തിനും ദുരവസ്ഥക്കും അധിനിവേശ സൈന്യവും സർക്കാറുമാണ് ഉത്തരവാദികളെന്ന് ഹമാസ് വക്താവ് അൽജസീറയോട് പറഞ്ഞു.

അതേസമയം, അധിനിവിഷ്ട വെസ്റ്റ്ബാങ്കിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഇസ്രായേൽ സൈന്യം ജെനിന് തെക്ക് ഖബാത്തിയ പട്ടണത്തിലെ വീടുവളഞ്ഞ് നടത്തിയ പരിശോധനയിൽ ഒരു സ്ത്രീ ഉൾപ്പെടെ എട്ട് ഫലസ്തീനികളെ തടവിലാക്കി.

ഒരാഴ്ചയായി നടത്തിയ സൈനിക നടപടിയിൽ നിരവധി ഫലസ്തീൻ പോരാളികളെ കൊലപ്പെടുത്തിയതായും 73 പേരെ അറസ്റ്റ് ചെയ്തതായും സൈന്യം അറിയിച്ചു. അതിനിടെ, ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ 15 പേർ കൂടി കൊല്ലപ്പെട്ടു. ബുറൈജ് ക്യാമ്പിൽ ഇസ്രായേൽ സേനയുടെ ഷെല്ലാക്രമണത്തിൽ അഞ്ചുപേരാണ് മരിച്ചത്. ഗസ്സ സിറ്റിയുടെ കിഴക്ക് വീടിനുനേരെ ഇസ്രായേൽ നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടു.

ഈ വർഷം ഇതുവരെ 490 ഫലസ്തീനികളെയാണ് ഇസ്രായേൽ സൈന്യം കൊന്നൊടുക്കിയത്. 2023 ഒക്ടോബർ ഏഴുമുതൽ കുറഞ്ഞത് 46,006 ഫലസ്തീനികൾ കൊല്ലപ്പെടുകയും 109,378 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.