പോണ്‍ താരം സ്റ്റോമി ഡാനിയേല്‍സുമായുള്ള വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ അവര്‍ക്കു പണം നല്‍കിയെന്ന ഹഷ് മണി കേസില്‍ ഈ ആഴ്ച ശിക്ഷ വിധിക്കുന്നതു മാറ്റിവയ്ക്കണമെന്ന ട്രംപിന്റെ അഭ്യര്‍ഥന തള്ളി ന്യൂയോര്‍ക്ക് കോടതി ജഡ്ജി.

തിരഞ്ഞെടുപ്പ് വിജയം കണക്കിലെടുത്തു കേസ് നടപടികള്‍ അവസാനിപ്പിക്കണമെന്ന നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അഭിഭാഷകന്റെ വാദം കോടതി നിരസിക്കുകയായിരുന്നു. ജനുവരി 10നുതന്നെ ശിക്ഷ വിധിക്കും. 20നാണു ട്രംപ് അധികാരമേല്‍ക്കുക.

”പ്രതിയുടെ ഹര്‍ജിയെ പിന്തുണയ്ക്കുന്ന വാദങ്ങള്‍ കോടതി പരിഗണിച്ചു. അവയില്‍ പലതും മുന്‍പു പലതവണ ഉന്നയിച്ചിട്ടുള്ള വാദങ്ങളുടെ ആവര്‍ത്തനമാണെന്നു കണ്ടെത്തി. ജനുവരി 10നു നിശ്ചയിച്ചിട്ടുള്ള ശിക്ഷാവിധി പ്രഖ്യാപനം ഉള്‍പ്പെടെ ഈ നടപടികളുടെ സ്റ്റേയ്ക്കു വേണ്ടിയുള്ള പ്രതിയുടെ അപേക്ഷ നിരസിക്കുകയാണ്” – ജഡ്ജി ജുവാന്‍ മെര്‍ച്ചാന്‍ വ്യക്തമാക്കി.

വിധി വരുന്ന വെള്ളിയാഴ്ച ട്രംപ് നേരിട്ടോ വെര്‍ച്വല്‍ ആയോ കോടതിയില്‍ ഹാജരാകണം. മുന്‍ പ്രസിഡന്റും ഭാവി പ്രസിഡന്റുമായ ട്രംപിനു ജയില്‍ശിക്ഷ വിധിക്കാന്‍ താല്‍പര്യമില്ലെന്നു കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. നിയമപ്രകാരം ട്രംപിനു 4 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാം. എന്നാല്‍ നിയുക്ത പ്രസിഡന്റായതിനാല്‍ ശിക്ഷയില്‍ ഇളവുണ്ടാകുമെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കേസില്‍ ട്രംപിനെതിരെ എന്തു നടപടിയെടുത്താലും ക്രിമിനല്‍ കുറ്റകൃത്യത്തിന് (ഫെലണി ക്രൈം) വിചാരണ ചെയ്യപ്പെട്ട ആദ്യ പ്രസിഡന്റാകും ട്രംപ്.