ടെല്‍അവീവ്: യമനിലെ ഹൂതി വിമതര്‍ക്കെതിരെ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍. ഹിസ്ബുള്ള ഭീകരസംഘടനയുടെ നേതാക്കളെ വധിച്ചതിന് പിന്നാലെ കഴിഞ്ഞ രണ്ട് ദിവസമായി ഹൂതി വിമതര്‍ ഇസ്രായേലിന് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണം കടുപ്പിച്ചിരുന്നു. പിന്നാലെയാണ് ഇസ്രായേലും ശക്തമായി തിരിച്ചടിച്ചത്.
ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 29ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ സന്ദേശം വ്യക്തമാണെന്നും, തങ്ങളുടെ സൈന്യത്തെ സംബന്ധിച്ച് ലക്ഷ്യസ്ഥാനങ്ങള്‍ ഒരിക്കലും വിദൂരമല്ലെന്നും യോവ് ഗാലന്റ് ട്വീറ്റ് ചെയ്തു.
ഹൂതി വിമതരുടെ കീഴിലുള്ള പവര്‍ പ്ലാന്റുകള്‍, തുറമുഖങ്ങള്‍, യുദ്ധവിമാനങ്ങള്‍ തുടങ്ങിയവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. യമനിലെ റാസ് ഇസ, ഹൊദൈദ തുറമുഖങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന പ്രസ്താവനയില്‍ പറയുന്നു. ഇറാന്റെ ആയുധങ്ങള്‍ ഈ മേഖലയിലേക്ക് എത്തിക്കുന്നതിനും, എണ്ണ ഇറക്കുമതി നടത്തുന്നതുമായ കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നും ഐഡിഎഫ് വ്യക്തമാക്കി.
ഹിസ്ബുള്ള ഭീകരസംഘടനാ നേതാവ് ഹസന്‍ നസ്റല്ല കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഹൂതികള്‍ ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിച്ചത്. അതേസമയം ഇസ്രായേലിന്റെ ആക്രമണം അവസാനിപ്പിക്കാന്‍ നയതന്ത്രതലത്തിലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് ലെബനന്റെ പ്രധാനമന്ത്രി നജീബ് മിക്കാറ്റി പറഞ്ഞു.