അമേരിക്കയിൽ മതിയായ രേഖകൾ ഇല്ലാതെ കഴിഞ്ഞ ഇന്ത്യക്കാരുമായുള്ള അമേരിക്കൻ സൈനിക വിമാനം ഇന്നെത്തുമെന്നിരിക്കെ സമൂഹമാധ്യമങ്ങളിൽ വൈറലായി പഴയ ചിത്രം. വരും ദിവസങ്ങളിൽ കൂടുതൽ കൂട്ട നാടുകടത്തലുകളിലേക്ക് ട്രംപ് സർക്കാർ നീങ്ങുകയാണെന്ന് റിപ്പോർട്ടുകൾ വരുന്നതിനിടയിലാണ് ഗ്വാട്ടിമാലയിൽ നിന്നുള്ള അനധികൃത താമസക്കാരുടെ ചിത്രങ്ങൾ വൈറലാവുന്നു. കൈകളിലും കാലുകളിലും വിലങ്ങുകൾ അണിഞ്ഞ നിലയിൽ മാസ്ക് ധരിച്ച ആളുകൾ ടെക്സാസിലെ എൽ പാസോയിലെ ഫോർട്ട് ബ്ലിസിൽ അമേരിക്കൻ സൈനിക വിമാനത്തിനുള്ളിൽ ഇരിക്കുന്ന ദൃശ്യങ്ങളാണ് വ്യാപക ചർച്ചയാവുന്നത്. ജനുവരി അവസാനവാരമാണ് 80 അനധികൃത കുടിയേറ്റക്കാരെ അമേരിക്ക ഗ്വാട്ടിമാലയിലേക്ക് തിരികെ അയച്ചത്.

മെക്സിക്കോയുടെ വായുപാത ഒഴിവാക്കിയാണ് ഈ വിമാനം ഗ്വാട്ടിമാലയിലേക്ക് പോയത്. ട്രംപ് ഭരണത്തിന്റെ അടയാളപ്പെടുത്തലായാണ് ചിത്രം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നത്.  205 യാത്രക്കാരുമായി വരുന്ന അമേരിക്കൻ സൈന്യത്തിന്റെ സി 17 വിമാനം രാവിലെ 9 മണിയോടെ അമൃത്‌സറിലെത്തുമെന്നായിരുന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, യുപി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് വിമാനത്തിലുള്ളത്. എന്നാൽ അമേരിക്കൻ സൈനിക വിമാനം എപ്പോൾ ഇന്ത്യയിൽ എത്തുമെന്ന ഔദ്യോഗിക വിവരമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഫ്ലൈറ്റ് ട്രാക്കിംഗ് സൈറ്റുകളിലൊന്നും ഈ വിമാനം ദൃശ്യമല്ല. ട്രാക്കിംഗ് ഒഴിവാക്കാൻ ട്രാൻസ്പോണ്ടറുകൾ ഓഫ് ചെയ്ത് ആവും യാത്രയെന്ന് ഏവിയേഷൻ വിദഗ്ധർ പറയുന്നത്. 

നേരത്തെ അമേരിക്കയിൽ നിന്ന് നാടുകടത്തിയ കുടിയേറ്റക്കാരെ കൈവിലങ്ങണിയിച്ച് വിമാനത്തിൽ എത്തിച്ചതിനെതിരെ ബ്രസീൽ സർക്കാർ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഡൊണാൾഡ് ട്രംപ് ഭരണകൂടത്തോട് വിശദീകരണം ആവശ്യപ്പെടുമെന്ന് ബ്രസീൽ സർക്കാർ വിശദമാക്കിയിരുന്നു. കുടിയേറ്റക്കാരോടുള്ള പെരുമാറ്റം നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്ന് ബ്രസീൽ വിദേശകാര്യ മന്ത്രാലയം ആരോപിച്ചത്.