ലോകത്തിലെ ഏറ്റവും പഴയ ഭൂപടത്തിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തി ശാസ്ത്രജ്ഞർ. ഇമാഗോ മുണ്ടി എന്നറിയപ്പെടുന്ന 3,000 വർഷം പഴക്കമുള്ള ഈ കളിമൺ ഫലകം നോഹയുടെ പെട്ടകത്തിന്റെ സ്ഥാനം സംബന്ധിച്ച വിവരങ്ങൾ നൽകുന്നതായി കരുതപ്പെടുന്നു.

വെഡ്ജ് ആകൃതിയിലുള്ള ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ഒരു ലിപിയായ ക്യൂണിഫോം ആലേഖനം ചെയ്ത പുരാതന ബാബിലോണിയൻ കരകൗശലവസ്തുക്കൾ നൂറ്റാണ്ടുകളായി പുരാവസ്തുഗവേഷകരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. 1882 ൽ, ഇന്നത്തെ ഇറാഖിൽ കണ്ടെത്തിയ ഈ ടാബ്ലെറ്റ് ബ്രിട്ടീഷ് മ്യൂസിയത്തിലാണ് ഇന്ന് സൂക്ഷിച്ചിരിക്കുന്നത്. അവിടെ ഇത് അതിന്റെ പ്രശസ്തമായ ശേഖരങ്ങളിലൊന്നാണ്.

ലോകസൃഷ്ടിയെക്കുറിച്ചുള്ള ആദ്യകാല ബാബിലോണിയൻ ആശയങ്ങൾ ചിത്രീകരിക്കുന്ന വൃത്താകൃതിയിലുള്ള ഒരു ലോകഭൂപടമാണ് ഇമാഗോ മുണ്ടി. ഈ ഭൂപടം അക്കാലത്ത്, അറിയപ്പെട്ടിരുന്ന ലോകത്തെ മുഴുവൻ കാണിക്കുമെന്ന് കരുതപ്പെടുന്നു. ഇതിൽ, താഴെ കേന്ദ്രഭാഗത്തായി മെസൊപ്പൊട്ടേമിയ കാണാൻ കഴിയും. അക്കാലത്ത് ലോകം മുഴുവൻ വ്യാപിച്ചുകിടന്നിരുന്നു എന്നു വിശ്വസിക്കപ്പെട്ടിരുന്ന ഒരു നദിയാൽ മെസപ്പൊട്ടോമിയ ചുറ്റപ്പെട്ടിരുന്നു.മാപ്പിന്റെ പിൻവശത്ത് ‘ഉറാർട്ടുവിലേക്കുള്ള’ പാതയും അവിടെ എങ്ങനെ എത്തിച്ചേരാമെന്നതിനെക്കുറിച്ചുള്ള നിർദിഷ്ട നിർദേശങ്ങളും ഉൾപ്പെടെ ഒരു യാത്രക്കാരൻ അവരുടെ യാത്രയിൽ എന്താണ് അഭിമുഖീകരിക്കേണ്ടതെന്നു വിവരിക്കുന്നു. ഈ വിവരണത്തിൽ ‘പാർസിക്ടു’ എന്ന പേടകത്തെക്കുറിച്ചും പറയുന്നുണ്ട്.

‘പാർസിക്ടു’ എന്ന പദം മറ്റ് പുരാതന ബാബിലോണിയൻ ഫലകങ്ങളിൽ കാണപ്പെടുന്നു. ഇത് ഐതിഹാസികമായ മഹാപ്രളയം നേരിടാൻ ഉദ്ദേശിച്ചുള്ള ഒരു കപ്പലിന്റെ അളവിനെ സൂചിപ്പിക്കുന്നു. അരരാത്ത് എന്നും അറിയപ്പെടുന്ന യുറാർട്ടു, നോഹയെപ്പോലെ 150 ദിവസത്തെ വെള്ളപ്പൊക്കത്തെത്തുടർന്ന് ജീവൻ സംരക്ഷിക്കുന്നതിനായി പേടകം തയ്യാറാക്കിയ ഒരു കുടുംബത്തിന്റെ കഥ പറയുന്ന മെസപ്പൊട്ടോമിയൻ കവിതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഗവേഷകർ വിശ്വസിക്കുന്നു. വെള്ളപ്പൊക്കം അവസാനിച്ചപ്പോൾ, വെള്ളപ്പൊക്കത്തിനുശേഷം നോഹയുടെ പെട്ടകം വിശ്രമിച്ചതായി പറയപ്പെടുന്ന പർവതത്തിന്റെ ഹീബ്രു പദമായ ‘അരരാത്ത്’ എന്ന പദവുമായി യോജിക്കുന്ന ഉറാർട്ടുവിന്റെ കൊടുമുടികളിലൊന്നിൽ അവർ സുരക്ഷിതമായി നിലയുറപ്പിച്ചു എന്നും രേഖപ്പെടുത്തുന്നു.

മെസപ്പൊട്ടാമിയൻ കവിതയും ബൈബിളിലെ നോഹയുടെ പേടകത്തിന്റെ സംഭവവും ഒന്നുതന്നെയാണെന്ന് ബ്രിട്ടീഷ് മ്യൂസിയം ക്യൂറേറ്ററും ക്യൂണിഫോം വിദഗ്ദ്ധനുമായ ഡോ. ഇർവിംഗ് ഫിങ്കൽ വിശദീകരിച്ചു. ഒപ്പം ഈ വിശദാംശങ്ങൾക്കു പിന്നാലെ പോയാൽ ഈ ചരിത്രബോട്ടിന്റെ അവശിഷ്ടങ്ങൾ കണ്ടത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.ടാബ്ലെറ്റിന്റെ പിൻഭാഗത്തും മാപ്പ് ഡയഗ്രാമിന് മുകളിലും ക്യൂണിഫോമിന്റെ നിരവധി ഖണ്ഡികകളുണ്ട്. അത് ഭൂമിയുടെ സൃഷ്ടിയെക്കുറിച്ചും അതിനപ്പുറം നിലനിന്നിരുന്നതിനെക്കുറിച്ചും വിവരിക്കുന്നു. മാപ്പിന്റെ പിൻഭാഗം യാത്രക്കാർക്ക്, അവർ പോകുന്ന വഴിയും വഴിയിൽ എന്താണ് ശ്രദ്ധിക്കേണ്ടതെന്നും കാണിക്കുന്നതിനുള്ള രഹസ്യതാക്കോലായി പ്രവർത്തിക്കുന്നുവെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഈ ടാബ്ലെറ്റിൽ ഒരിക്കൽ എട്ട് ത്രികോണങ്ങൾ ഉണ്ടായിരുന്നു. അവ പിന്നിൽ വിവരണങ്ങളുമായി പൊരുത്തപ്പെടുന്ന പർവതങ്ങളെ സൂചിപ്പിക്കുന്നുവെന്ന് ഗവേഷകർ നിർണയിച്ചു.