മരിച്ചെന്നു കരുതി, സംസ്കാരത്തിന് ഒരുക്കങ്ങൾ നടത്തവെ , ജീവിതത്തിലേക്ക് മടങ്ങി വന്ന കണ്ണൂർ സ്വദേശി പവിത്രൻ്റെ ആരോഗ്യ നിലയിൽ പുരോഗതി.

തിങ്കളാഴ്ച രാത്രി മോർച്ചറിയിൽ സൂക്ഷിക്കാനാണ് കണ്ണൂർ വെള്ളുവക്കണ്ടി പവിത്രനെ കണ്ണൂർ എകെജി ആശുപത്രിയിലെത്തിച്ചത്. എന്നാൽ മൃതദേഹം മോർച്ചറിയിലേക്കു മാറ്റുമ്പോൾ കൈ അനങ്ങിയതായി ആശുപത്രി ജീവനക്കാർക്ക് തോന്നിയതാണ് വഴിത്തിരിവായത്. മോർച്ചറിയിൽ ഫ്രീസറടക്കം സജ്ജീകരിച്ചിരിക്കെ കണ്ട ജീവൻ്റെ തുടിപ്പിന് പിന്നാലെ പവിത്രനെ വീണ്ടും ചികിത്സയ്ക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെ നൈറ്റ് സൂപ്പർവൈസർ ആർ.ജയനും ഇലക്ട്രിഷ്യൻ അനൂപിനും നാഡിമിഡിപ്പുള്ളതായി മനസ്സിലാക്കിയതോടെ ഉടൻ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി ചികിത്സ നൽകി.

ശ്വാസരോഗത്തെ തുടർന്ന് മംഗലാപുരത്തെ ഹെഗ്ഡെ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു പവിത്രൻ. അധികനാൾ ആയുസ്സില്ലെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നു. താങ്ങാനാകാത്ത ചികിത്സാച്ചെലവ് കൂടിയായപ്പോൾ ബന്ധുക്കൾ പവിത്രനെ നാട്ടിലെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. വെൻ്റിലേറ്റർ മാറ്റിയാൽ പത്ത് മിനിറ്റ് മാത്രം ആയുസ്സെന്ന് ഡോക്ടർമാർ വിധിച്ചിരുന്നു. വെന്‍റിലേറ്റർ മാറ്റി പവിത്രനുമായി ആംബുലൻസ് നാട്ടിലേക്ക് പുറപ്പെട്ടു. വഴിമധ്യേ ഹൃദയമിടിപ്പ് നിലച്ചെന്നും ശ്വാസമില്ലാതായെന്നും കണ്ടതോടെ പവിത്രൻ മരിച്ചെന്ന വാർത്ത നാട്ടിലേക്കെത്തി. 

തുടർന്ന് സംസ്കാര സമയം വരെ തീരുമാനിച്ചു. പത്രങ്ങളിൽ ചരമ വാർത്തയും കൊടുത്തു. പിന്നീട് കണ്ണൂർ എകെജി ആശുപത്രിയിൽ വിളിച്ച് മോർച്ചറി സൗകര്യം ഏർപ്പാടാക്കി. പുലർച്ചെ മൂന്ന് മണിയോടെ ആംബുലൻസ് കണ്ണൂർ എജെകി ആശുപത്രിയിൽ മോർച്ചറിക്ക് മുന്നിലെത്തി. നടപടികൾ പൂർത്തിയാക്കും മുമ്പ് ആളെ പുറത്തെടുത്തപ്പോഴാണ് ജീവൻ്റെ തുടിപ്പ് കണ്ടെത്തിയത്.

ബന്ധുക്കളും, പ്രാദേശിക ജനപ്രതിനിധികളും മരണം സാക്ഷ്യപ്പെടുത്തിയതുകൊണ്ടാണ് ഫ്രീസർ സംവിധാനം ഒരുക്കി നൽകിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 

മരിച്ചെന്ന് ബന്ധുക്കൾ, ഫ്രീസർ വരെ തയ്യാറാക്കി, മോർച്ചറിയിൽ വെച്ച് കയ്യിൽ അനക്കം കണ്ട് ഞെട്ടി’ അറ്റൻഡർ ജയൻ

മരിച്ചെന്ന് പറഞ്ഞെത്തിയ ആൾക്ക് ജീവൻ വയ്ക്കുന്നത് തൻ്റെ ആദ്യത്തെ അനുഭവമാണെന്ന് ജയൻ പറഞ്ഞു. മരിച്ചെന്ന് ഉറപ്പിച്ചാണ് പവിത്രനെ ബന്ധുക്കൾ മോർച്ചറിയിൽ കൊണ്ടുവന്നത്. മരണം ഉറപ്പിച്ചതിൻ്റെ രേഖകൾ വാങ്ങുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നില്ലായെങ്കിലും ഫ്രീസർ അടക്കം തയ്യാറാക്കിവെച്ചിരുന്നു. ഫ്രീസർ തയ്യാറാക്കി വെക്കാൻ ബന്ധുക്കളാണ് പറഞ്ഞത്. പക്ഷെ മോർച്ചറി വാതുക്കൽ വെച്ച് മൃതദേഹം പുറത്തിറക്കാനിരിക്കെ കയ്യിൽ അനക്കം കണ്ടു അപ്പോഴാണ് ഞെട്ടിക്കുന്ന വിവരം മറ്റുള്ളവരെ അറിയിച്ചെതെന്നും അറ്റൻഡർ ജയൻ പറഞ്ഞു.