മോസ്കോ: ജപ്പാനും ചൈനയ്ക്കും പിന്നാലെ ജനനനിരക്ക് ഉയർത്തുന്നതിനുള്ള നടപടികൾ ഊർജിതപ്പെടുത്തി റഷ്യയും. 25 വയസ്സിന് താഴെയുള്ള വിദ്യാർഥികൾക്കായി പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് റഷ്യൻ റിപ്പബ്ലിക്കായ കരേലിയ. ആരോഗ്യമുള്ള കുഞ്ഞിന് ജന്മംനൽകുന്ന വിദ്യാർത്ഥിനികൾക്ക് ഒരു ലക്ഷം റൂബിൾ (ഏകദേശം 81,000 രൂപ) രൂപ നൽകുന്നതാണ് പദ്ധതി. മോസ്കോ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2025 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽവരുന്നതാണ് ഈ ‘പ്രസവ പ്രോത്സാഹന’ നയം. 25 വയസ്സിന് താഴെയുള്ള ആളായിരിക്കണം. ഒരു പ്രാദേശിക സർവ്വകലാശാലയിലോ കോളേജിലോ മുഴുവൻ സമയ വിദ്യാർത്ഥിയും കരേലിയയിലെ താമസക്കാരിയും ആയിരിക്കണം എന്നിങ്ങനെയാണ് പദ്ധതിയിലെ നിബന്ധനകൾ.
പ്രസവിക്കുന്നത് ചാപിള്ളയാണെങ്കിൽ ഈ ബോണസ് കിട്ടില്ല. പ്രസവിച്ച ഉടനെ കുട്ടി മരിച്ചാൽ ആനുകൂല്യം ലഭിക്കുമോ എന്നത് സംബന്ധിച്ച് നയത്തിൽ പരാമർശമില്ലെന്നും മോസ്കോ ടൈംസ് വ്യക്തമാക്കുന്നു. വൈകല്യമുള്ള കുട്ടികൾക്ക് ജന്മംനൽകുന്നവർ ഇതിന് യോഗ്യരാണോ എന്നതും നയത്തിൽ വ്യക്തതയില്ല.
യുക്രൈനുമായുള്ള യുദ്ധത്തിന് പിന്നാലെ വിദേശത്തേക്കുള്ള പൗരന്മാരുടെ പലായനവും രൂക്ഷമായ ജനസംഖ്യാപരമായ പ്രതിസന്ധിയും രാജ്യം അഭിമുഖീകരിക്കുന്നതിനിടെയാണ് റഷ്യയിൽ ഇത്തരത്തിലുള്ള നയങ്ങൾ കൊണ്ടുവരുന്നത്.
റഷ്യയിലെ ജനനനിരക്ക് നിലവിൽ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. 2024-ന്റെ ആദ്യ പകുതിയിൽ 599,600 കുട്ടികളാണ് റഷ്യയിൽ ജനിച്ചത്. 25 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2023-ലെ കാലയളവിനെ അപേക്ഷിച്ച് 16,000 കുട്ടികളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. റഷ്യയിലെ മറ്റു റിപ്പബ്ലിക്കുകളും ജനനിരക്ക് വർധിപ്പിക്കുന്നതിന് വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള സമാന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
കൂടാതെ റഷ്യൻ സർക്കാർ പ്രസവസംബന്ധമായ ആനുകൂല്യങ്ങളും ഈ വർഷം ഉയർത്തിയിട്ടുണ്ട്. ആദ്യമായി അമ്മയാകുന്നവർക്ക് 677,000 റൂബിൾസ് (569,627 രൂപ) ആണ് നൽകുന്നത്. കഴിഞ്ഞ വർഷം ഇത് 630,400 (530,418 രൂപ) റൂബിൾസായിരുന്നു. രണ്ടാമത്തെ കുഞ്ഞിന് 894,000 റൂബിൾസാണ് കിട്ടുക. 2024-ൽ ഇത് 833,000 റൂബിൾസായിരുന്നു.