ഇസ്രയേലിനെതിരെ ഐക്യരാഷ്ട്ര സഭ പൊതുസഭയിൽ നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ. ഇസ്രായേലിനെതിരായ രണ്ട് പ്രമേയങ്ങളെ അനുകൂലിച്ച് ഇന്ത്യ വോട്ടുചെയ്തു. പലസ്തീനിലെ അധിനിവേശം ഇസ്രയേൽ അവസാനിപ്പിക്കണമെന്നും സിറിയൻ ഗോലാനിൽ നിന്നും ഇസ്രയേൽ പിന്മാറണമെന്നുമുള്ള പ്രമേയങ്ങളിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഈ രണ്ട് പ്രമേയങ്ങളെയും അനുകൂലിച്ച് ഇന്ത്യ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.

പലസ്തീനിൽ സമാധാനപരമായ ഒത്തുതീർപ്പ് എന്ന പ്രമേയത്തിലടക്കമാണ് ഇന്ത്യ വോട്ട് ചെയ്തത്. സെനഗൽ ജനറൽ അസംബ്ലിയിൽ അവതരിപ്പിച്ച പ്രമേയമായിരുന്നു ഇത്. കിഴക്കൻ ജറുസലം ഉൾപ്പെടെ 1967 മുതൽ അധിനിവേശം നടത്തിയ മുഴുവൻ പലസ്തീൻ പ്രദേശങ്ങളിൽനിന്നും ഇസ്രായേൽ പിൻവാങ്ങുക, പശ്ചിമേഷ്യയിൽ സമഗ്രവും നീതിപൂർവകവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കുക എന്നീ ആഹ്വാനങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു പ്രമേയം. 193 അംഗ സഭയിൽ 157 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. അമേരിക്ക, അർജൻറീന, ഹംഗറി, ഇസ്രായേൽ, മൈക്രോനേഷ്യ, നൗറു, പലാവു, പാപുവ ന്യൂ ഗിനിയ, എന്നീ എട്ട് രാജ്യങ്ങളാണ് എതിർത്ത് വോട്ട് ചെയ്തത്. കാമറൂൺ, ചെക്കിയ, ഇക്വഡോർ, ജോർജിയ, പരാഗ്വേ, യുക്രെയ്ൻ, ഉറുഗ്വേ എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുൽക്കുകയും ചെയ്തു.