വഡോദര: സുരക്ഷയും മികച്ച സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ട്രെയിനുകൾ അവതരിപ്പുകയാണ് ഇന്ത്യൻ റെയിൽവേ. വന്ദേ ഭാരത് ട്രെയിനുകൾ യാത്രക്കാർ ഏറ്റെടുത്തതോടെ വന്ദേ ഭാരത് സ്ലീപ്പർ അവതരിപ്പിക്കുന്ന തിരക്കിലാണ് റെയിൽവേ. വന്ദേ ഭാരത് മെട്രോ വൈകാതെ സജീവമാകുമെന്ന സൂചനകളാണ് ഇന്ത്യൻ റെയിൽവേ നൽകുന്നത്.

പുതിയ ട്രെയിനുകൾ ഒന്നിന് പുറകെ ഒന്നായി എത്തുന്നതിനിടെ നിർണായക വിവരം പങ്കുവെക്കുകയാണ് റെയിൽവേ. ഇന്ത്യൻ റെയിൽവേയുടെ തലവര മാറ്റിമറിക്കുമെന്ന് കരുതുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ആദ്യ പരീക്ഷണയോട്ടം 2026ൽ നടക്കുമെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ദക്ഷിണ ഗുജറാത്തിലെ സുററ്റിനും ബിലിമോറയ്ക്കും ഇടയിലാകും ബുള്ളറ്റ് ട്രെയിൻ പരീക്ഷണയോട്ടം നടക്കുക.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ആദ്യ പരീക്ഷണയോട്ടം ദക്ഷിണ ഗുജറാത്തിലെ സുററ്റിനും ബിലിമോറയ്ക്കും ഇടയിൽ 2026ൽ നടക്കുമെന്ന് നാഷണൽ ഹൈസ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡ് (എൻഎച്ച്എസ്ആർസിഎൽ) ഡയറക്ടർ പ്രമോദ് ശർമ സ്ഥിരീകരിച്ചു. പരീക്ഷയോട്ടത്തിൻ്റെ ആദ്യ വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ സുററ്റിലും ബിലിമോറയിലെയും നിർമാണ പ്രവൃത്തികൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്.

പദ്ധതിയുടെ 352 കിലോമീറ്റർ ഗുജറാത്തിലൂടെയാണ് കടന്നുപോകുന്നത്. 352 കിലോമീറ്റർ ദൂരത്തിൽ 212 കിലോമീറ്റർ ഭാഗത്തെ വയഡക്ട് നിർമാണം പൂർത്തിയായി. അഹമ്മദാബാദിനും മുംബൈയ്‌ക്കുമിടയിൽ 508 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ റെയിൽ ഇടനാഴിയുടെ 92 ശതമാനം അലൈൻമെൻ്റും എലിവേറ്റഡ് ട്രാക്കായിട്ടാണ് നിർമിച്ചിരിക്കുന്നത്.

ബുള്ളറ്റ് ട്രെയിൻ കടന്നുപോകുന്ന മുംബൈ – അഹമ്മദാബാദ് ഇടനാഴിയിലെ 12 സ്റ്റേഷനുകളിൽ എട്ടെണ്ണം ഗുജറാത്തിലാണ്. നാലെണ്ണം മഹാരാഷ്ട്രയിലാണ്. സബർമതി, അഹമ്മദാബാദ്, ആനന്ദ്, വഡോദര, ബറൂച്ച്, സൂറത്ത്, ബിലിമോറ, വാപി സ്റ്റേഷനുകളാണ് ഗുജറാത്തിലുള്ളത്. ഈ എട്ട് സ്റ്റേഷനുകളുടെയും അടിസ്ഥാന പ്രവൃത്തികൾ പൂർത്തിയായതായി പ്രമോദ് ശർമ പറഞ്ഞു. 50 കിലോമീറ്ററോളം വരുന്ന സുററ്റ് – ബിലിമോറ സ്ട്രെച്ച് എൻഎച്ച്എസ്ആർസിഎൽ മുൻഗണനാ വിഭാഗമായി പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വഡോദരയിൽ നിർമിക്കുന്ന ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ്റെ നിർമാണം ആൽമരത്തിൻ്റെ ഇലയുടെ രൂപത്തിലാണ്. വഡോദര റെയിൽവേ സ്റ്റേഷൻ്റെ ഏഴാം നമ്പർ പ്ലാറ്റ്‌ഫോമിനോട് ചേർന്ന് പാണ്ഡ്യ പാലത്തിന് സമീപം 16,467 ചതുരശ്ര മീറ്ററിലാണ് സ്റ്റേഷൻ നിർമിക്കുന്നത്. നഗരത്തിൽ നിന്ന് എളുപ്പത്തിൽ ആളുകൾക്ക് ഇവിടേക്ക് പ്രവേശിക്കാം. വഡോദര റെയിൽവേ സ്റ്റേഷൻ, ബസ് ഡിപ്പോകൾ സമീപത്താണ് സ്ഥിതി ചെയ്യുന്നത്.