ബെംഗളൂരു: കാൻസറിന് കാരണമായേക്കാവുന്ന നിറങ്ങൾ ചേർത്ത് കേക്ക് നിർമ്മിക്കുന്നത് ബെംഗളൂരുവിൽ വ്യാപകമാകുന്നു എന്ന റിപ്പോർട്ട് വന്ന് ദിവസങ്ങൾക്കുള്ളിലാണ് നഗരത്തിൽ കേക്കിൽ നിന്ന് ഭക്ഷ്യ വിഷബാധയുണ്ടായി ധീരജ് കുഞ്ഞ് മരിക്കുന്നത്. ഭുവനേശ്വര നഗറിൽ അഞ്ച് വയസ്സ് പ്രായമുള്ള കുഞ്ഞാണ് മരണത്തിന് കീഴടങ്ങിയത്. കേക്ക് കഴിച്ച കുഞ്ഞിന്റെ മാതാപിതാക്കൾ ഇപ്പോഴും ചികിത്സയിലാണ്. കേക്ക് സ്വിഗ്ഗിയിൽ ഓർഡർ ചെയ്തയാൾ അത് കാൻസൽ ചെയ്തപ്പോൾ പോർട്ടർക്ക് അത് വീട്ടിൽ കൊണ്ടുപോകാൻ അനുമതി ലഭിക്കുകയായിരുന്നു. ഇങ്ങനെ കൊണ്ടുവന്ന കേക്കാണ് കുഞ്ഞിന് കൊടുത്തത്. മാതാപിതാക്കളും കേക്ക് കഴിച്ചു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ എത്തിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.
നഗരത്തിലെ കേക്ക് നിർമ്മാതാക്കളിൽ പലരും കടുത്ത നിയമ ലംഘനം നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നതിന് നിരോധനമുള്ള നിറങ്ങളാണ് കേക്കിന് നിറം പകരാൻ പല ബേക്കറിക്കാരും ഉപയോഗിക്കുന്നത്. വിലക്കുറവുള്ള നിറങ്ങൾ ഉപയോഗിക്കുന്നതാണ് കാരണം. ഏറ്റവും വുലക്കുറവ് എവിടെയാണെന്ന് നോക്കി വാങ്ങുന്നവരടക്കം ഈ തട്ടിപ്പിൽ അറിയാതെ പെട്ടുപോകുന്നു.
വളരെ പ്രശസ്തമായ കേക്ക് ഐറ്റങ്ങളിലെല്ലാം ഇത്തരം കളറുകളാണ് ഉപയോഗിക്കുന്നതെന്നാണ് കർണാടക ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയത്. പന്ത്രണ്ടോളം കേക്ക് വിഭവങ്ങളിൽ ഈ പ്രശ്നം ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തി. പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബൺ, അക്രിലാമൈഡ് തുടങ്ങിയ രാസവസ്തുക്കൾ ഉപയോഗിച്ചാണ് കേക്കുകളുടെ നിർമ്മാണം. ബെംഗളൂരുവിലെ വിവിധ ബേക്കറികളിൽ നിന്നാണ് ഈ കേക്കുകളുടെ സാമ്പിളുകൾ ശേഖരിച്ചത്.
ആകെ 235 കേക്ക് സാമ്പുകളിലാണ് പരിശേധന നടത്തിയത്. ഇതിൽ 223 എണ്ണം സുരക്ഷിതമാണെന്ന് കണ്ടെത്തി. 12 സാമ്പിളുകളിൽ അപകടമുണ്ടെന്ന് തിരിച്ചറിഞ്ഞു. അപകടകാരികളായ കൃത്രിമ നിറങ്ങളാണ് ഇവയിൽ അടങ്ങിയിരുന്നത്. അല്യൂറ റെഡ്, സൺസെറ്റ് യെല്ലോ എഫ്സിഎഫ്, പോൻസിയൂ 4ആർ, ടർട്രാസിൻ, കാർമോയിസിൻ എന്നീ നിറങ്ങളാണ് ചേർത്തിരിക്കുന്നത്. കേക്കുകൾ കൂടുതൽ തിളങ്ങുന്ന നിറങ്ങളിൽ കാണുമെന്നതാണ് ഈ നിറങ്ങളുടെ പ്രത്യേകത. സാധാരണ കേക്കുകളെക്കാൾ നിറം ഇവയ്ക്ക് ഉണ്ടായിരിക്കും. കണ്ണഞ്ചുന്ന നിറങ്ങളിൽ വീഴുന്ന ഉപഭോക്താക്കൾ ഈ കേക്കുകൾ തന്നെ വാങ്ങുകയും ചെയ്യും.
അതെസമയം ബേക്കറികൾ എതെല്ലാമെന്നത് വ്യക്തമല്ല എന്നതും ശ്രദ്ധേയമാണ്. നോക്കി വാങ്ങുക മാത്രമാണ് വഴി. നല്ല ബ്രാൻഡുകളിൽ നിന്ന് മാത്രമേ കേക്ക് വാങ്ങൂ എന്ന് തീരുമാനിക്കുക.