ഇംഗ്ലണ്ട് ഉയർത്തിയ 166 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അവസാന ഓവറിലാണ് ജയിച്ചത്. 4 പന്ത് ശേഷിക്കെ 2 വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. തിലക് വർമ്മയുടെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യക്ക് ജയം നല്‍കിയത്.

ഇന്ത്യയുടെ ചെയ്സ് അത്ര എളുപ്പമായിരുന്നില്ല. തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് ഓപ്പണർമാരെ നഷ്ടമായി. 12 റണ്‍സ് എടുത്ത അഭിഷേകിനെ മാർക്ക് വുഡും 5 റണ്‍സ് എടുത്ത സഞ്ജു സാംസണെ ആർച്ചറും പുറത്താക്കി.

റണ്‍സ് ഉയർത്താൻ ശ്രമിച്ച ക്യാപ്റ്റൻ സൂര്യകുമാർ 12 റണ്‍സുമായി കളം വിട്ടു. തിലക് വർമ്മ ആക്രമിച്ചു കളിച്ചത് ഇന്ത്യയുടെ റണ്‍ റേറ്റ് ചെയ്സിന് ഒത്തുയർത്താൻ സഹായിച്ചു. പക്ഷെ മറുവശത്ത് വിക്കറ്റ് പോകുന്നത് തുടർന്നു. 7 റണ്‍സ് എടുത്ത് ഹാർദിക് പുറത്ത് പോയി. വാഷിങ്ടണ്‍ സുന്ദർ 19 പന്തില്‍ 26 റണ്‍സ് എടുത്ത് മികച്ച സംഭാവന നല്‍കി.
വാഷിങ്ടണും അക്സറും പോയതോടെ തിലകിന് ഒപ്പം വാലറ്റം മാത്രമായി. അവസാന 5 ഓവറില്‍ ഇന്ത്യക്ക് ജയിക്കാൻ 40 റണ്‍സ് ആയിരുന്നു വേണ്ടിയിരുന്നത്. ബാക്കിയുള്ള 3 വിക്കറ്റും.

ആർച്ചർ എറിഞ്ഞ 16ആം ഓവറില്‍ 19 റണ്‍സ് വന്നു. ഇതോടെ ഇന്ത്യക്ക് 4 ഓവറില്‍ 21 റണ്‍സ് മതി എന്നായി. തിലക് വർമ്മ 55 പന്തില്‍ നിന്ന് 72 റണ്‍സ് ആണ് എടുത്തത്. 5 സിക്സും 3 ഫോറും തിലക് അടിച്ചു.

ആദില്‍ റഷീദ് എറിഞ്ഞ 17ആം ഓവറില്‍ 1 റണ്‍ മാത്രമാണ് ഇന്ത്യ നേടിയത്. അർഷദീപിന്റെ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. ഇതോടെ 3 ഓവറില്‍ ജയിക്കാൻ 20 റണ്‍സ് എന്നായി. അടുത്ത ഓവറില്‍ 7 റണ്‍സ്. 2 ഓവറില്‍ ജയിക്കാൻ 13 റണ്‍സ്.
ലിവിങ്സ്റ്റണ്‍സ് ചെയ്ത 19ആം ഓവറില്‍ ആദ്യ 4 പന്തില്‍ വന്നത് 3 റണ്‍സ് മാത്രം. നാലാം പന്തില്‍ രവി ബിഷ്ണോയൊയുടെ 4 കളി 7 പന്തില്‍ നിന്ന് 6 എന്ന നിലയിലേക്ക് ആക്കി. അടുത്ത പന്തില്‍ റണ്‍ വന്നില്ല. അവസാന ഓവറില്‍ ജയിക്കാൻ 6 റണ്‍സ്.

ഓവർട്ടണ്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ തിലക് വർമ്മ 2 റണ്‍സ് എടുത്തു. വേണ്ട റണ്‍സ് 4 ആയി കുറഞ്ഞു‌ രണ്ടാം പന്തില്‍ ഫോർ അടിച്ച്‌ തിലക് വർമ്മ ജയം ഉറപ്പിച്ചു. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 165/9 റണ്‍സാണ് എടുത്തത്. 45 റണ്‍സ് എടുത്ത ബട്ലർ ഇന്നും ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ ആയി.

ആദ്യ ഓവറില്‍ തന്നെ സാള്‍ട്ടിനെ അർഷ്ദീപ് പുറത്താക്കി. അധികം വൈകാതെ 3 റണ്‍സ് എടുത്ത ഡക്കറ്റിനെ വാഷിങ്ടൻ സുന്ദർ പുറത്താക്കി. 13 റണ്‍സ് എടുത്ത ഹാരി ബ്രൂക്ക് രണ്ടാം മത്സരത്തിലും വരുണ്‍ ചക്രവർത്തിക്കുന്നില്‍ പുറത്തായി. 45 റണ്‍ എടുത്ത ബട്ലർ അക്സറിന്റെ പന്തില്‍ ഒരു സിക്സിന് ശ്രമിക്കവെ ആണ് പുറത്തായത്. ലിവിങ്സ്റ്റണും കൂറ്റനടിക്ക് ശ്രമിച്ച്‌ അക്സറിന് വിക്കറ്റ് നല്‍കി.

22 റണ്‍സ് എടുത്ത ജാമി സ്മിത്തിനെ അഭിഷേക് ശർമ്മയാണ് പുറത്താക്കിയത്. ഒവെർട്ടണെ വരുണും പുറത്താക്കി. പിന്നീട് ബ്രൈഡൻ കാർസന്റെ അറ്റാക്കിംഗ് ഇന്നിംഗ്സ് ഇംഗ്ലണ്ടിനെ മാന്യമായ സ്കോറിലേക്ക് എത്തിച്ചു. കാർസ് 17 പന്തില്‍ നിന്ന് 32 റണ്‍സ് എടുത്തു നില്‍ക്കെ റണ്ണൗട്ട് ആയി. അവസാനം റാഷിദും ആർച്ചറും ഇംഗ്ലണ്ടിനെ 160ന് മുകളില്‍ എത്തിച്ചു.