ആർച്ച് ബിഷപ്പ് ജോർജ് കൂവക്കാട്ടിലിനെ കർദിനാളായി വാഴിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ പ്രതിനിധി സംഘം വത്തിക്കാനിലേക്ക് യാത്ര പുറപ്പെട്ടു. രാവിലെ ദില്ലി വിമാനത്താവളത്തിൽ നിന്ന് ഏഴം​ഗ സംഘം യാത്ര തിരിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, അനിൽ ആന്റണി, ടോം വടക്കൻ, കൊടിക്കുന്നിൽ സുരേഷ് എംപി, അനൂപ് ആന്റണി, രാജ്യസഭാ എംപി സത്നം സിങ്, എന്നിവരും ഉണ്ട്. വത്തിക്കാനിൽ എത്തുന്ന സംഘം മാർപാപ്പയെയും കാണുന്നുണ്ട്. 

എല്ലാ ഇന്ത്യക്കാരുടെയും, എല്ലാ ക്രിസ്ത്യൻ വിശ്വാസികളുടെയും ആശംസകൾ അറിയിക്കാൻ ആണ് സംഘം പോകുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. വളരെ അഭിമാനകരമായ നിമിഷമാണെന്നും സംഘം നാളെ മാർപാപ്പയെ കാണുമെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. നാളെ രാവിലെ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ഔദ്യോഗിക സംഘത്തിൽ ആരൊക്കെ വേണമെന്ന് സർക്കാരിന് തീരുമാനിക്കാം. പ്രതിപക്ഷ അംഗങ്ങളെ കൂടുതൽ ഉൾപ്പെടുത്തിയില്ല എന്ന വിമർശനം പ്രതിപക്ഷത്തിന് ഇല്ല, വിമർശനത്തിലൂടെ ഇതിൻ്റെ ശോഭ കെടുത്താൻ ഇല്ലെന്നും എംപി പറഞ്ഞു.