ഇന്ത്യന്‍ സ്റ്റീല്‍ കമ്പനികള്‍ ഒരു പ്രതിസന്ധിയിലാണ്. ചൈനയില്‍ നിന്ന് നേരിട്ടും അല്ലാതെയും വില കുറഞ്ഞ സ്റ്റീല്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യന്‍ കമ്പനികളുടെ വളര്‍ച്ചയെയും ലാഭത്തെയും ബാധിക്കുന്നു. പല യൂണിറ്റുകളും തങ്ങളുടെ ശേഷി വിപുലീകരിക്കുകയും കയറ്റുമതി വിപണി മാന്ദ്യം അഭിമുഖീകരിക്കുകയും ചെയ്യുന്ന സമയത്താണിത് സംഭവിക്കുന്നത്. 

സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇപ്പോള്‍ ഡിമാന്‍ഡ് വളരെ കുറവാണെന്നും വില ഉല്‍പ്പാദന ചെലവിനേക്കാള്‍ കുറഞ്ഞുവരികയാണെന്നും കേരളത്തിലെ സ്റ്റീല്‍ വ്യവസായ മേഖലയില്‍ നിന്നുള്ളവരും പറയുന്നു. പല സ്റ്റീല്‍ യൂണിറ്റുകളും അടച്ചുപൂട്ടുകയാണ്. മുമ്പ് 65 യൂണിറ്റുകളോളം പ്രവര്‍ത്തിച്ചിരുന്നത് ഏതാനും വര്‍ഷം മുമ്പ് 12 എണ്ണമായി കുറഞ്ഞിരുന്നു. ഇതില്‍ തന്നെ ആകെ നാലോ അഞ്ചോ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

ഇറക്കുമതി നിയന്ത്രിക്കണം

ചൈനയില്‍ നിന്നും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള സ്റ്റീല്‍ ഇറക്കുമതി നിയന്ത്രിക്കണമെന്നാണ് സ്റ്റീല്‍ കമ്പനികളുടെ ആവശ്യം. ചൈനയില്‍ നിന്നുള്ള വിലകുറഞ്ഞ ഇറക്കുമതിയെ യു.എസ് നേരിട്ട രീതി അവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.

യുഎസ് സ്റ്റീല്‍ വ്യവസായത്തെ സംരക്ഷിക്കുന്നതിനായി ബൈഡന്‍ ഭരണകൂടം ചില ചൈനീസ് സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തി. മെക്‌സികോ വഴി ചൈനീസ് സ്റ്റീല്‍ എത്തുന്നതിന് തടയിടാന്‍ മെക്‌സിക്കന്‍ സ്റ്റീലിനും 25 ശതമാനം തീരുവ ചുമത്തി. “ടാറ്റ സ്റ്റീല്‍, എ.എം.എന്‍.എസ്, ജെ.എസ്.പി.എല്‍, ജെ.എസ്.ഡബ്ല്യു തുടങ്ങിയ എല്ലാ സ്റ്റീല്‍ കമ്പനികളും ശേഷി വര്‍ധിപ്പിക്കുന്നതിനായി വലിയ തുക ചെലവിട്ടുകൊണ്ടിരിക്കുകയാണ്. വില കുറഞ്ഞ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ ഇത് അവതാളത്തിലാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കരുത്”, ടാറ്റ സ്റ്റീല്‍ മാനേജിംഗ് ഡയറക്റ്റര്‍ ടി.വി. നരേന്ദ്രന്‍ പറയുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷം 8.3 ദശലക്ഷം ടണ്‍ ഫിനിഷ്ഡ് സ്റ്റീല്‍ ഇന്ത്യ ഇറക്കുമതി ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 38.1 ശതമാനം അധികമാണിത്. അതേസമയം കയറ്റുമതി 7.5 ദശലക്ഷം ടണ്‍ മാത്രമാണ്. കേവലം 11 ശതമാനം വര്‍ധന. പ്രാദേശിക യൂണിറ്റുകളാകട്ടെ അധികരിച്ച ഉല്‍പ്പാദന ശേഷിയും കുന്നുകൂടിയ ചരക്കുകളും കൊണ്ട് ബുദ്ധിമുട്ടുകയാണ്. 2023-24 വര്‍ഷം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് 107.75 ശതകോടി ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. നമ്മുടെ ആകെ ഇറക്കുമതി മൂല്യമായ 675.43 ശതകോടി ഡോളറിന്റെ 15.06 ശതമാനം വരുമിത്. എന്നാല്‍ ചൈനയെ സംബന്ധിച്ചിടത്തോളം അവരുടെ ആകെ കയറ്റുമതി മൂല്യമായ 3.38 ലക്ഷം കോടി ഡോളറിന്റെ 3.1 ശതമാനം മാത്രമേ ഇത് വരുന്നുള്ളൂ.

സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ ആവശ്യം

ചൈനയില്‍ നിന്നുള്ള ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് പല രാജ്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്ന താരിഫ്- നോണ്‍ താരിഫ് തടസങ്ങള്‍ മറികടക്കാനായി ചൈനീസ് കമ്പനികള്‍ ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ തുടങ്ങിയ ലോക വിപണിയിലേക്ക് എളുപ്പത്തില്‍ കടക്കാനാവുന്ന ഇടങ്ങളില്‍ നിക്ഷേപം നടത്തുന്നു. തെക്കുകിഴക്കന്‍ ഏഷ്യയിലൂടെ ചൈനീസ് സ്റ്റീല്‍ ധാരാളമായി എത്തുന്നുണ്ടെന്ന് ഇന്ത്യന്‍ കമ്പനികള്‍ സംശയിക്കുന്നുണ്ട്.

വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സ്റ്റീല്‍ വ്യവസായത്തെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യം ലക്ഷ്യംവെക്കുന്ന വളര്‍ച്ചയ്ക്ക് ആഭ്യന്തര സ്റ്റീല്‍ നിര്‍മാണ വ്യവസായം അഭിവൃദ്ധി പ്രാപിക്കേണ്ടത് അത്യാവശ്യമാണ്.