ഈ വർഷം, ഓരോ ആറ് മണിക്കൂറിലും ഒരു ഇന്ത്യക്കാരനെ യുഎസിൽനിന്ന് നാടുകടത്തിയതായി റിപ്പോർട്ട്. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് പുറത്തുവിട്ട 2024-ലെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

2021നെ അപേക്ഷിച്ച് 2024ലേക്കെത്തുമ്പോൾ യുഎസിൽനിന്ന് നാടുകടത്തപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ 400 ശതമാനത്തിന്റെ ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്. 2021-ൽ യുഎസ് നാടുകടത്തിയ 59,011 ആളുകളിൽ 292 പേരായിരുന്നു ഇന്ത്യക്കാർ. 2024-ൽ 2,71,484 നാടുകടത്തലുകളിൽ 1529 പേരാണ് ഇന്ത്യക്കാർ.

‘ഇമിഗ്രേഷൻ നയങ്ങളിലെ മാറ്റങ്ങൾ, നടപ്പാക്കലിലെ മുൻഗണനകൾ, യുഎസും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി കരാറുകൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളെല്ലാം നാടുകടത്തലിലെ ഉയർച്ചയ്ക്ക് കാരണമാകാം. 2024 ലെ വർദ്ധനവ് വിശാലമായ കുടിയേറ്റ പ്രവണതകളും നിയവിരുദ്ധമായി തുടരുന്ന വ്യക്തികളെ ലക്ഷ്യം വച്ചുള്ള എൻഫോഴ്സ്മെന്റ് നടപടികളുടെയും ഭാഗമാകാം’ ഒരു ഉന്നത ഇന്ത്യൻ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

ഡൊണാൾഡ് ട്രംപ് ആദ്യ തവണ പ്രസിഡന്റായിരുന്ന 2019, 2020 വർഷങ്ങളിലായി 3928 ഇന്ത്യക്കാരെയാണ് യുഎസിൽനിന്ന് നാടുകടത്തിയത്. ഈ രണ്ടു വർഷങ്ങളിൽ നാടുകടത്തിയ അത്രയുംപേർ വരില്ല ബൈഡൻ ഭരണത്തിലെ നാലുവർഷത്തെ പുറത്താക്കപ്പെട്ട ഇന്ത്യക്കാർ. ബൈഡന്റെ ഭരണത്തിന് കീഴിൽ 3467 ഇന്ത്യക്കാരെയാണ് നാടുകടത്തിയിട്ടുള്ളത്.