വാഷിംഗ്ടൺ ഡിസി: ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം ആശങ്കയോടെയാണ് ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാർ കാണുന്നത്. കുടിയേറ്റം നിയന്ത്രണവിധേയമാക്കുമെന്ന തെരഞ്ഞെടുപ്പു വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഇത്.
നിലവിൽ യുഎസിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് യുഎസ് പൗരത്വം ലഭിക്കും. ഇതാണ് ജന്മാവകാശ പൗരത്വം. വർഷങ്ങളായി നിലവിലുള്ള ഈ നിയമപ്രകാരം, നിയമവിരുദ്ധമായി രാജ്യത്തു താമസിക്കുന്നവർക്കും താത്കാലിക വീസകളിൽ (ടൂറിസ്റ്റ് വീസ, സ്റ്റുഡന്റ് വീസ) യുഎസിൽ താമസിക്കുന്നവർക്കും അവിടെ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം ലഭിച്ചിരുന്നു.
ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതായി ട്രംപും അനുകൂലികളും പലപ്പോഴും വിമർശനമുന്നയിച്ചിട്ടുണ്ട്. യുഎസ് പൗരത്വം നേടുന്നതിന് കർശന മാനദണ്ഡങ്ങൾ വേണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. യുഎസ് ഭരണഘടനയിലെ 14-ാം ഭേദഗതി അടിസ്ഥാനമാക്കിയുള്ളതാണ് ജനനാടിസ്ഥാനത്തിലുള്ള പൗരത്വ അവകാശം.
അതിനാൽ പുതിയ തീരുമാനം പ്രാവർത്തികമാക്കണമെങ്കിൽ നിരവധി നിയമതടസങ്ങൾ മറികടക്കേണ്ടതുണ്ട്. നിയമം പാസായാൽ അത് അമേരിക്കയിലെ 48 ലക്ഷത്തോളം ഇന്ത്യൻ വംശജരെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്.
തങ്ങളുടെ കുട്ടിക്ക് യുഎസ് പൗരത്വം ഉറപ്പാക്കുന്നതിനായി പ്രസവിക്കുക എന്ന ഏക ഉദ്ദേശ്യത്തോടെയാണ് ഗർഭിണികൾ യുഎസിൽ പ്രവേശിക്കുന്നതെന്നും ബർത്ത് ടൂറിസം ഒരുവിധത്തിലും അനുവദിക്കില്ലെന്നും ട്രംപ് പ്രചാരണവേളയിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, മുന്പ് പ്രസിഡന്റായപ്പോഴും ട്രംപ് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ജന്മാവകാശ പൗരത്വം നിർത്തലാക്കുക അത്ര എളുപ്പമല്ലെന്നും വാദിക്കുന്നവരുണ്ട്.