സിറിയൻ പ്രശ്നത്തിൽ ഇടപെടുമെന്ന് സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അസദിന്റെ വീഴ്ചയിലൂടെ സിറിയൻ ജനതയ്ക്ക് ചരിത്രപരമായ അവസരമാണ് കൈവന്നിരിക്കുന്നതെന്നു ബൈഡൻ. നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിന് വിരുദ്ധമായിട്ടാണ് ബൈഡന്റെ പ്രസ്താവന. വിഷയത്തിൽ ഇടപെടില്ലെന്നായിരുന്നു ട്രംപ് പറഞ്ഞത്.
സിറിയയില്‍ മാറ്റം കൊണ്ടുവരാന്‍ അമേരിക്ക സാധ്യമായ സഹായം നല്‍കും. അസാദ് ഭരണകൂടം വരുത്തിയ പാളിച്ചകള്‍ പുതിയ നേതൃത്വം വരുത്തില്ലെന്നാണ് നിഗമനം. ജോർദാൻ, ലെബനൻ, ഇറാക്ക്, ഇസ്രയേൽ എന്നീ അയൽരാജ്യങ്ങൾക്കുനേരേ സിറിയയിൽനിന്നു ഭീഷണിയുണ്ടായാൽ അവരെ അമേരിക്ക പിന്തുണയ്ക്കുമെന്നും ബൈഡൻ വ്യക്തമാക്കി. വരും ദിവസങ്ങളിൽ മേഖലയിലെ നേതാക്കളുമായി സംസാരിക്കും. മുതിർന്ന ഉദ്യോഗസ്ഥരെ ഇവിടേക്ക് അയയ്ക്കും.
സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും ബൈഡന് കൂട്ടിച്ചേർത്തു. ഐഎസ് ഭീകരരെ പാർപ്പിച്ചിരിക്കുന്ന തടങ്കൽ പാളയങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ഐഎസ് ശക്തിപ്രാപിക്കുന്നത് അനുവദിക്കില്ല. ഐഎസ് ക്യാമ്പുകളെ ലക്ഷ്യമിട്ട് യുഎസ് സേന വ്യോമാക്രമണങ്ങൾ നടത്തിയതായും ബൈഡൻ അറിയിച്ചു.