29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തിരശ്ശീല വീണു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സംവിധായിക പായല്‍ കപാഡിയയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനം.
ചിത്രത്തിനുള്ള സുവർണ്ണചകോരം നേടിയത് പെഡ്രോ ഫിയേറി സംവിധാനം ചെയ്ത ‘മാലു’ എന്ന സിനിമയാണ്. സംവിധായകനും നിര്‍മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവര്‍ണ്ണ ചകോരത്തിനൊപ്പം സമ്മാനിച്ചു. മികച്ച സംവിധായകനുള്ള രജതചകോര പുരസ്‌കാരത്തിന് ‘മി മറിയം ദി ചിൽഡ്രൻ ആൻഡ് 26 അതേർസ്’ സിനിമയുടെ സംവിധായകൻ ഫർഷാദ് ഹാഷ്മി അർഹനായി.
മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരം ചിലിയെൻ ചിത്രം ദ് ഹൈപ്പർബോറിയൻസ് സംവിധാനം ചെയ്ത ക്രിസ്റ്റോബൽ ലിയോണിനും ജോക്വിൻ കോസിനും ലഭിച്ചു. സിനിമയുടെ കലാ സംവിധായിക നതാലിയ ഗെയ്‌സാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. മൂന്നു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.