വയനാട് ഡിസിസി ട്രഷറർ എൻഎം വിജയനും മകൻ ജിജേഷും ആത്മഹത്യചെയ്ത കേസിൽ, കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ്റെ മൊഴിയെടുക്കും. കെപിസിസി പ്രസിഡന്റിന് എൻഎം വിജയൻ കത്ത് നൽകിയിരുന്നുവെന്നതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘത്തിൻ്റെ നീക്കം. എൻഎം വിജയൻ എഴുതിയ കത്ത് സുധാകരന് കിട്ടിയിട്ടുണ്ടോ, ഉണ്ടെങ്കിൽ എപ്പോൾ കിട്ടി തുടങ്ങിയ കാര്യങ്ങളിലൊക്കെ പോലീസിന് വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. മൊഴിയെടുക്കുന്ന തീയതി പിന്നീടാകും തീരുമാനിക്കുക. 

കേസിൽ പ്രതികളായ ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചനെയും മുൻ കോൺഗ്രസ് നേതാവ് കെകെ ഗോപിനാഥനെയും അന്വേഷണസംഘം കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ഗോപിനാഥൻ്റെ വീട്ടിൽ രണ്ടുമണിക്കൂറോളം നടത്തിയ പരിശോധനയിൽ ചില രേഖകളും കണ്ടെടുത്തു. കേസുമായി നേരിട്ട് ബന്ധമില്ലെങ്കിലും അന്വേഷണത്തിന് ഗുണകരമായ രേഖകളാണ് ലഭിച്ചതെന്നാണ് വിവരം.

പ്രത്യേക അന്വേഷണസംഘം മേധാവി ബത്തേരി ഡിവൈഎസ്പി കെകെ അബ്ദുൾ ഷെരീഫിൻ്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. എൻഎം വിജയൻ്റെ കത്തുകളിലെയും ഡയറിക്കുറിപ്പിലെയും പേര് പരാമർശവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങളെന്നാണ് സൂചന.