രാജ്യത്തെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (CERT-In). ഐഫോണുകളില്‍ പഴയ സോഫ്റ്റ്വെയര് വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍, ഡിവൈസുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ വലിയ സാധ്യതയുണ്ട് എന്നതിനാല്‍ ഏറ്റവും പുതിയതിലേക്ക് അപ്ഡേറ്റ് ചെയ്യണം എന്നാണ് നിര്‍ദേശം. ആപ്പിളിന്റെ മറ്റ് ഡിസൈസുകള്‍ക്കും ഈ ജാഗ്രതാ നിര്‍ദേശം ബാധകമാണ്.
ഏറ്റവും പുതുതായി പുറത്തിറക്കിയ ഐഒഎസ് 18.3ക്ക് മുമ്പുള്ള സോഫ്റ്റ്വെയറുകള് ഉപയോഗിക്കുന്ന ഐഫോണുകള്‍ക്ക് സെര്‍ട്ട്-ഇന്നിന്റെ മുന്നറിയിപ്പ് ബാധകമാണ്. അപ്ഡേറ്റ് ചെയ്യപ്പെടാത്ത ഐപാഡുകളും ആപ്പിള്‍ വാച്ചുകളും മാക് കമ്പ്യൂട്ടറുകളും സഫാരി വെബ് ബ്രൗസറും ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം. പഴയ സോഫ്റ്റ്വെയര് വേര്‍ഷനുകളിലുള്ള ആപ്പിള്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്നതിലുള്ള അപകട സാധ്യതയെ ഹൈ റിസ്ക് ഗണത്തിലാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഉള്‍പ്പെടുത്തിയിരിക്കുന്നത്. മതിയായ അപ്ഡേഷനുകള്‍ക്ക് തയ്യാറായില്ലെങ്കില്‍ ഹാക്കര്‍മാര്‍ ആപ്പിള്‍ ഡിവൈസുകളിലേക്ക് നുഴഞ്ഞുകയറുകയും വ്യക്തി വിവരങ്ങള്‍ അടക്കമുള്ളവ കൈക്കലാക്കുകയും ചെയ്യുക. ഇത് വലിയ സൈബര്‍ ഭീഷണി സൃഷ്ടിക്കുമെന്ന് സെര്‍ട്ട്-ഇന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
നിലവിലെ സുരക്ഷാ പിഴവ് മറികടക്കാനുള്ള മാര്‍ഗങ്ങള്‍ ആപ്പിള്‍ ഐഫോണുകളുടെയും ഐപാഡുകളുടെയും ആപ്പിള്‍ വാച്ചുകളുടെയും മാക് കമ്പ്യൂട്ടറുകളുടെയും പുതിയ സോഫ്റ്റ്വെയര് അപ്ഡേറ്റില്‍ സ്വീകരിച്ചിട്ടുണ്ട്. അതിനാലാണ് എത്രയും വേഗം സോഫ്റ്റ്വെയര് അപ്ഡേറ്റ് ചെയ്യാന്‍ സെര്‍ട്ട്-ഇന്‍ നിര്‍ദേശിക്കുന്നത്.