രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള ഗ്രാമത്തിൽ റോക്കറ്റിന്റേതെന്നു കരുതുന്ന ലോഹക്കഷ്ണങ്ങൾ കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് കെനിയ സ്പേസ് ഏജൻസി(കെ.എസ്.എ). 500 കിലോ ഭാരമുള്ള ലോഹകഷ്ണങ്ങൾ ഡിസംബർ 30-നാണ്ഇവിടെ പതിച്ചത്. കെ.എസ്.എയും പ്രാദേശിക അധികൃതരും കൂടുതൽ വിശകലനത്തിനായി സംഭവസ്ഥലത്ത് നിന്ന് അവശിഷ്ടങ്ങൾ ശേഖരിച്ചിട്ടുണ്ട്.
എട്ട് അടി വ്യാസമുള്ള ലോഹ വളയം ആണ് ഭൂമിയിൽ പതിച്ചതെന്ന് കെ.എസ്.എയെ ഉദ്ദരിച്ച് സി.ബി.എസ് റിപ്പോർട്ടുചെയ്തു. മക്വേനി കൗണ്ടിയിലെ മുകുകു ഗ്രാമത്തിലാണ് ഇത് പതിച്ചത്. വിക്ഷേപണ വാഹനത്തിൽനിന്ന് വേർപ്പെടുന്ന വസ്തുവാണിതെന്നാണ് പ്രാഥമിക നിഗമനം. വിദഗ്ധർ വസ്തു വിശദമായി പരിശോധിക്കുകയാണെന്നും വിക്ഷേപണം നടത്തിയത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായും കെ.എസ്.എ അറിയിച്ചു.
കെനിയയിലുണ്ടായ ഈ സംഭവം ലോകത്ത് ആദ്യമല്ല. ബഹിരാകാശ മാലിന്യങ്ങളുടെ ഭീഷണി കഴിഞ്ഞ കുറച്ചുവർഷങ്ങളായി മനുഷ്യർക്ക് ഭീഷണിയാകുന്നുണ്ട്. കഴിഞ്ഞവർഷം ഫ്ലോറിഡയിൽ തങ്ങളുടെ വസതിക്കു മുകളിൽ ലോഹകഷ്ണം പതിച്ചതിനെ തുടർന്ന് കുടുംബം നാസയ്ക്കെതിരേ നിയമനടപടി സ്വീകരിച്ചിരുന്നു. ബഹിരാകാശ മാലിന്യങ്ങൾ ഒരു ഭീഷണിയായി വളർന്നുവരുന്നുവെന്നതിന്റെ സൂചനയാണ് കെനിയയിലെ സംഭവം. ബഹിരാകാശ മാലിന്യങ്ങളെപ്പറ്റിയുള്ള ആശങ്കയെ കെസ്ലർ സിൻഡ്രോം എന്നാണ് വിശേഷിപ്പിക്കുന്നത്.
എന്താണ് കെസ്ലർ സിൻഡ്രോം?
ഉപഗ്രഹങ്ങളുടെ നിലനിൽപ് തടയുന്ന വസ്തുക്കളും അവശിഷ്ടങ്ങളുംകൊണ്ട് ഭൂമിയുടെ ഭ്രമണപഥം അമിതമായി നിറഞ്ഞിരിക്കുന്ന ഒരു സൈദ്ധാന്തിക സാഹചര്യമായാണ് കെസ്ലർ സിൻഡ്രോമിനെ കണക്കാക്കുന്നത്. 1978-ൽ നാസയിലെ ശാസ്ത്രജ്ഞനായ ഡൊണാൾഡ് ജെ കെസ്ലർ ആണ് ഈ അവസ്ഥയെപ്പറ്റി പ്രതിപാദിച്ചത്.