സൊമാലിയയുടെ വടക്കുകിഴക്കൻ മേഖലയായ പുണ്ട്‌ലാൻഡിലെ സൈനികതാവളത്തിൽ 2024 ഡിസംബർ 31 നു നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ്. 12 തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 22 ഓളം സൈനികർ കൊല്ലപ്പെടുകയും ഡസൻ കണക്കിനു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് അതിന്റെ ടെലിഗ്രാം ചാനലിൽ പോസ്റ്റ് ചെയ്തു.
സൊമാലിയയിലെ സുരക്ഷാസേന, പുണ്ട്‌ലാന്റിലെ സൈനികതാവളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ചാവേർ ബോംബർമാർ നടത്തിയ ആക്രമണം ചെറുത്തതായി പ്രാദേശിക സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററും സൈനിക ഉദ്യോഗസ്ഥനും അറിയിച്ചു. ബാരി മേഖലയിലെ ധർജാലെ പട്ടണത്തിനുസമീപം ഒമ്പത് ചാവേർ ബോംബർമാർ കൊല്ലപ്പെടുകയും നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തതായി പുണ്ട്‌ലാൻഡിലെ തീവ്രവാദ വിരുദ്ധസേനയിലെ ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ യൂസഫ് മുഹമ്മദ് ചൊവ്വാഴ്ച റോയിട്ടേഴ്‌സിനോടു പറഞ്ഞു.
വിദേശ തീവ്രവാദ പോരാളികളുടെ കുത്തൊഴുക്ക് കാരണം സൊമാലിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് ശക്തി പ്രാപിച്ചതായും പ്രാദേശിക ബിസിനസുകൾ കൊള്ളയടിക്കുന്നതിലൂടെയുള്ള വരുമാനം വർധിച്ചതിനാലും ആഫ്രിക്കയിൽ ഐ. എസ്. ഗ്രൂപ്പ് കൂടുതൽ ശക്തിയാർജിച്ചു എന്ന് സുരക്ഷാ വിശകലനവിദഗ്ദ്ധർ പറയുന്നു.