ഇസ്രായേൽ സൈന്യം വ്യോമാക്രമണങ്ങളുടെ സഹായത്തോടെ ഗാസയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് മുന്നേറുകയാണ്. പലസ്തീൻ മേഖലയുടെ വലിയൊരു ഭാഗം പിടിച്ചെടുക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചു. ഹമാസ് തീവ്രവാദികളെയും അവരുടെ താവളങ്ങളും തകർക്കുകയാണ് ലക്ഷ്യമെന്നും ഇതിനായി പലസ്തീൻ ജനതയെ കൂട്ടത്തോടെ ഒഴിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ആക്രമണത്തിൽ സാധാരണക്കാരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. വടക്കൻ ജബാലിയയിൽ അഭയം തേടിയ കുടുംബങ്ങൾക്ക് താൽക്കാലികമായി താമസ സൗകര്യം ഒരുക്കിയിരുന്ന യു.എൻ ക്ലിനിക്കിൽ നടന്ന ആക്രമണത്തിൽ ഒൻപത് കുട്ടികൾ ഉൾപ്പെടെ 19 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസയുടെ പല ഭാഗങ്ങളിലായി രാത്രിയിൽ നടന്ന ആക്രമണങ്ങളിൽ ഇരുപതോളം പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. തെക്കൻ ഖാൻ യൂനിസിൽ ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തിൽ കുട്ടികളും സ്ത്രീകളുമുൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു.

ക്ലിനിക്കിൽ ഒളിച്ചിരുന്ന ഹമാസ് തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യം പറയുന്നത്. ‘ഭീകര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മീറ്റിംഗുകൾ നടത്താനുമായി ഉപയോഗിച്ചിരുന്ന ഒരു കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു’ ഹമാസ് പ്രവർത്തകരെന്നാണ് ഇസ്രായേൽ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

തെക്കൻ റാഫ നഗരത്തിന്റെ മധ്യ, കിഴക്കൻ ഭാഗങ്ങളിലേക്ക് ഇസ്രായേൽ ടാങ്കുകളും സൈന്യവും മുന്നേറുകയാണ്. ഈ ആഴ്ച മാത്രം റാഫയിലെ ഒന്നര ലക്ഷത്തോളം ആളുകളോട് വീടുകൾ ഒഴിഞ്ഞു പോകാൻ ഇസ്രായേൽ സൈന്യം ഉത്തരവിട്ടു. വടക്കൻ ഗാസയിലും പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഈജിപ്ത് അതിർത്തിയിൽ രാത്രിയിൽ ശക്തമായ വ്യോമാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും നടന്നതായും റിപ്പോർട്ടുകളുണ്ട്.