ക്രിസ്മസ് തലേന്നും വെസ്റ്റ് ബാങ്ക് രക്തരൂക്ഷിതം. ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ തുൽകർം നഗരത്തിന് സമീപമുള്ള അഭയാർത്ഥി ക്യാമ്പിൽ ചൊവ്വാഴ്ച ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ എട്ട് പാലസ്തീനികൾ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. പുലർച്ചെ ഇസ്രായേൽ സേനയുടെ ഷെല്ലാക്രമണത്തിൽ ഖൗല അബ്ദോ എന്ന 53 കാരിയായ സ്ത്രീ കൊല്ലപ്പെട്ടു. ഫാത്തി സയീദ് ഒദെഹ് സലേം എന്ന 18 കാരൻ വയറിലും നെഞ്ചിലും വെടിയേറ്റ് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരു ഫലസ്തീൻ വനിത ഉച്ചയോടെ മരിച്ചു. ഹമാസിൻ്റെ സായുധ വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡ്സിന്റെ രണ്ട് അംഗങ്ങളെ ഇസ്രായേൽ സൈന്യം തുൽക്കറിൽ വധിച്ചു.18 പേരെ അറസ്റ്റ് ചെയ്യുകയും ഡസൻ കണക്കിന് ആയുധങ്ങൾ കണ്ടുകെട്ടുകയും ചെയ്തു. ബുധനാഴ്ച പുലർച്ചെ തുൽക്കർം പ്രദേശത്ത് നടന്ന ഓപ്പറേഷനിൽ സ്ഫോടകവസ്തു ഉപയോഗിച്ച് വാഹനം ഇടിച്ചതിനെ തുടർന്ന് തങ്ങളുടെ കമാൻഡർമാരിൽ ഒരാൾക്ക് പരിക്കേറ്റതായി ഇസ്രായേൽ സൈന്യം അറിയിച്ചു. നൂർ ഷംസ് അഭയാർത്ഥി ക്യാമ്പിൽ സായുധരായ തീവ്രവാദികളെ ആക്രമിച്ചതായി ചൊവ്വാഴ്ച ഇസ്രായേൽ സൈന്യം അറിയിച്ചു.
2023 ഒക്‌ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം നൂറുകണക്കിന് ഫലസ്തീൻകാരും ഡസൻ കണക്കിന് ഇസ്രായേലികളും വെസ്റ്റ്ബാങ്കിൽ കൊല്ലപ്പെട്ടിട്ടുണ്ട്. തുൽക്കർ ക്യാമ്പിലെ വീടുകൾ, കടകൾ, അൽ-സലാം പള്ളിയുടെ മതിലിന്റെ ഒരു ഭാഗം, ക്യാമ്പിൻ്റെ ജല ശൃംഖലയുടെ ഒരു ഭാഗം എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ബുൾഡോസറുകൾ തകർത്തു.