ബെയ്‌റൂത്ത്: ലെബനനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. സെന്‍ട്രല്‍ ബെയ്‌റൂത്തില്‍ നടന്ന ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 117 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്രതീക്ഷിതമായായിരുന്നു ആക്രമണം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഹിസ്ബുള്ള നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നതെന്നാണ് വിവരം. തെക്കന്‍ ലെബനനില്‍ സ്ഥിതി ഗുരുതരമാണെന്ന് ഐക്യരാഷ്ട്രസഭാംഗങ്ങള്‍ പറഞ്ഞു. 

ദിവസങ്ങള്‍ക്ക് മുന്‍പ് ലെബനന്റെ തെക്കന്‍മേഖലയിലുണ്ടായ ആക്രമണത്തില്‍ പത്ത് അഗ്നിരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ബരാഷീതിലെ അഗ്നിരക്ഷാസേനയുടെ കേന്ദ്രത്തിലായിരുന്നു ആക്രമണം നടന്നത്. തെക്കന്‍ ലെബനനിലെ പന്ത്രണ്ടിലേറെ ഗ്രാമങ്ങളിലുള്ളവരോട് വടക്കോട്ട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദേശിച്ചിരുന്നു. 

സെപ്റ്റംബര്‍ 28 ഓടെയാണ് ഇസ്രയേല്‍-ഹിസ്ബുള്ള ആക്രമണം ശക്തിപ്രാപിച്ചത്. ആക്രമണത്തില്‍ 1400 ലെബനന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുള്ള അംഗങ്ങളും സാധാരണക്കാരും ഇതില്‍ ഉള്‍പ്പെടും. പന്ത്രണ്ട് ലക്ഷത്തോളം പേര്‍ ഭവനരഹിതരായി. രണ്ടാഴ്ചയ്ക്കിടെ 3.75 ലക്ഷം പേര്‍ സിറിയയിലേക്ക് പലായനം ചെയ്തതായി ലെബനന്‍ സര്‍ക്കാര്‍ പറഞ്ഞു.