ടെൽ അവീവ്: ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍ ധാരണ പ്രകാരമുള്ള പലസ്തീനികളുടെ മോചനം വൈകുന്നതായി റിപ്പോർട്ട്. ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിലെ ഒഫെര്‍ സൈനിക ജയിലിലുള്ള 90 പേരെ ഇതുവരെയും വിട്ടയച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മോചനം പ്രതീക്ഷിച്ച് ജയില്‍ പരിസരത്തെത്തിയ തടവുകാരുടെ ബന്ധുക്കള്‍ക്ക് ഇവരെ എപ്പോള്‍ വിട്ടയക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. അതേസമയം, ജയിലിന് പുറത്ത് തമ്പടിച്ചവരെ പിരിച്ചുവിടാന്‍ സുരക്ഷാ സേന ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. വെടിനിര്‍ത്തലിന്റെ ആദ്യ ദിവസം തന്നെ 90 പേരെയും മോചിപ്പിക്കുമെന്ന് ഇസ്രയേല്‍ ഉറപ്പ് നല്‍കിയിരുന്നു. അതേസമയം ഹമാസ് മോചിപ്പിച്ച ഇസ്രയേലി വനിതാ തടവുകാര്‍ കുടുംബാംഗങ്ങളെ കണ്ടു.
15 മാസം നീണ്ടുനിന്ന ഏറ്റുമുട്ടലുകൾക്കാണ് ഇസ്രയേൽ – ഹമാസ് സമാധാന കരാറോടെ അവസാനമാകുന്നത്. ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തോടെ തുടങ്ങിയ സംഘർഷം മധ്യപൂർവേഷ്യയെ ആകെ അസ്ഥിരമാക്കി. യുദ്ധത്തിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം ആയിരങ്ങൾക്കാണ് ജീവൻ നഷ്ടമായത്. അതിലും എത്രയോ ഇരട്ടി ആളുകൾക്ക് ജീവിതം തന്നെ ഇല്ലാതായി. 2023 ഒക്ടോബർ 7നായിരുന്നു ഇസ്രയേലിനെതിരെ ഹമാസ് സായുധ സംഘത്തിന്റെ ആക്രമണം. ലക്ഷ്യം പട്ടാളക്കാർ മാത്രമായിരുന്നില്ല, അവധി ദിവസം ആഘോഷിക്കുകയായിരുന്നവരെ ഹമാസ് നിർദ്ദയം കൊന്നൊടുക്കി. 1200ലധികം ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്. 250ലേറെപ്പേർ ബന്ദികളാക്കപ്പെട്ടു. ചരിത്രത്തിലെങ്ങും ഇസ്രയേൽ അനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധി ഘട്ടമായിരുന്നു അത്. പേരുകേട്ട പ്രതിരോധ സംവിധാനം പോലും നിഷ്ഫലമായ മണിക്കൂറുകളായിരുന്നു.