ഗാസയില്‍ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ നെതന്യാഹു സര്‍ക്കാരില്‍ നിന്ന് ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ രാജിവച്ചു. ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിനെ എതിര്‍ത്ത് ഒറ്റ്‌സ്മ യെഹൂദിത് പാര്‍ട്ടിയുടെ കാബിനറ്റ് മന്ത്രിമാര്‍ നെതന്യാഹു സര്‍ക്കാരിന് രാജി സമര്‍പ്പിച്ചു.

ഒറ്റ്‌സ്മ യെഹൂദിത് പാര്‍ട്ടിയുടെ മൂന്ന് മന്ത്രിമാര്‍ രാജിവെച്ചു. ദേശീയ സുരക്ഷാ വകുപ്പ് മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍, പൈതൃകവകുപ്പ് മന്ത്രി അമിച്ചായി എലിയഹു, ദേശീയ പ്രതിരോധശേഷി വകുപ്പ് മന്ത്രി യിത്സാക് വസര്‍ലൗഫ് എന്നിവര്‍ ബെഞ്ചമിന്‍ നെത്യന്യാഹുവിന് രാജികത്ത് സമര്‍പ്പിച്ചു. മന്ത്രിസഭയില്‍ നിന്ന് പിന്മാറിയെങ്കിലും സഖ്യത്തിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.

ഗാസയില്‍ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ മന്ത്രിസഭ അംഗീകരിച്ചാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണ സഖ്യത്തില്‍ നിന്ന് തന്റെ പാര്‍ട്ടി പിന്മാറുമെന്ന് ബെന്‍ ഗ്വിര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം യുദ്ധം പുനരാരംഭിച്ചാല്‍ തന്റെ പാര്‍ട്ടി സര്‍ക്കാരിലേക്ക് തിരിച്ചെത്താന്‍ തയ്യാറാണെന്നും ബെന്‍ ഗ്വിര്‍ ജറുസലേമില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.