ചെറുതോണി (ഇടുക്കി) : ഇടുക്കി അണക്കെട്ടിൽ കരുതൽ ജലമുള്ളതിനാൽ വേനൽക്കാലത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകാൻ ഇടയില്ലെന്ന് കെ.എസ്.ഇ.ബി.

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഏറിയപങ്കും ഇടുക്കി പദ്ധതിയിൽനിന്നും മറ്റ് ജലവൈദ്യുതി പദ്ധതികളിൽനിന്നുമുള്ളതാണ്. വേനൽക്കാലത്ത് വൈദ്യുത ഉപഭോഗം വർധിക്കും. അപ്പോൾ പദ്ധതിയുടെ മൂലമറ്റത്തെ ഭൂഗർഭ വൈദ്യുതനിലയത്തിൽ വൈദ്യുതോത്പാദനം കൂട്ടും. കാലവർഷത്തിലും തുലാവർഷത്തിലും നല്ലമഴ കിട്ടിയാൽ ഇടുക്കി സംഭരണിയിൽ വേനൽക്കാലത്തും വേണ്ടത്ര വെള്ളം കാണും. എന്നാൽ, കഴിഞ്ഞവർഷം അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് രണ്ട് മഴക്കാലത്തും വേണ്ടത്ര മഴ കിട്ടിയിരുന്നില്ല. അതിനാൽ വൈദ്യുതോത്പാദനം കുറച്ച കെ.എസ്.ഇ.ബി. വേനൽക്കാലത്തേക്ക് ഇടുക്കി സംഭരണിയിൽ വെള്ളം ശേഖരിക്കുകയായിരുന്നു.

ഇപ്പോൾ അണക്കെട്ടിൽ മുൻവർഷത്തേക്കാൾ 9.42 അടി വെള്ളം കൂടുതലുണ്ട്. മുൻവർഷം ഇതേദിവസം 2364.42 അടിയായിരുന്നു ജലനിരപ്പ്. 2373.84 അടിയാണ് തിങ്കളാഴ്ച വൈകീട്ട് ഇടുക്കിയിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 67.4 ശതമാനമാണിത്.

ഇപ്പോഴും വൈദ്യുതോത്പാദനം കുറച്ചിരിക്കുകയാണ്. 2.8298 ദശലക്ഷം ഘനമീറ്റർ ജലമുപയോഗിച്ച് 4.2 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൂലമറ്റം വൈദ്യുതനിലയത്തിൽ പ്രതിദിന ഉത്പാദനം. 18.7 ദശലക്ഷം യൂണിറ്റാണ് ഒരുദിവസത്തെ പരമാവധി ഉത്പാദനശേഷി. വേനലാകുമ്പോൾ ഇടുക്കിയിലേയും മറ്റ് ജലവൈദ്യുതി പദ്ധതിയിലേയും ഉത്പാദനം പരമാവധിയാക്കി മുന്നോട്ടുപോകാനാണ് ബോർഡിന്റെ തീരുമാനം.