മുസ്ലീം പള്ളിയിൽ കയറി ജയ് ശ്രീറാം മുഴക്കുന്നത് മത വികാരം വ്രണപ്പെടുത്തില്ലെന്ന് കർണാടക ഹൈക്കോടതി. ദക്ഷിണ കന്നഡയിലെ കഡബ പോലീസ് സ്റ്റേഷൻ പരിധിയിലെ മോസ്‌കിൽ അതിക്രമിച്ചു കയറി ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച കീർത്തൻ കുമാർ, സച്ചിൻ കുമാർ എന്നിവർക്കെതിരായ കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ഉത്തരവ്.

കഴിഞ്ഞ വർഷം സെപ്റ്റംബർ 24നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രിയിൽ മോസ്‌കിൽ അതിക്രമിച്ചു കയറിയ സംഘം ജയ് ശ്രീറാം വിളിച്ചുവെന്നാണ് പരാതി. മതവികാരം വ്രണപ്പെടുത്തൽ, അതിക്രമിച്ചു കയറൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും സൗഹാർദത്തോടെ ജീവിക്കുന്ന പ്രദേശത്ത് സംഘർഷമുണ്ടാക്കാനാണ് പ്രതികൾ ശ്രമിച്ചതെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് രണ്ട് പ്രതികളും കോടതിയെ സമീപിച്ചത്.

മുസ്ലീം പള്ളി പൊതു സ്ഥലമാണെന്നും അവിടേക്കുള്ള പ്രവേശനത്തെ അതിക്രമിച്ച് കടക്കലായി കണക്കാക്കാനാവില്ലെന്നും പ്രതിഭാഗം വാദിച്ചു. അതിക്രമിച്ചു കടക്കാനും പള്ളിയിലെ ജീവനക്കാരനെ ഭീഷണിപ്പെടുത്താനും പ്രതികൾക്ക് അവകാശമില്ലെന്ന് സർക്കാർ അഭിഭാഷകനും വാദിച്ചു.

എന്നാൽ പള്ളി നിൽക്കുന്ന സ്ഥലത്ത് മതസൗഹാർദമുണ്ടെങ്കിൽ ജയ് ശ്രീറാം എന്ന് വിളിക്കുന്നത് എങ്ങനെയാണ് ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. മതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മതവികാരം വ്രണപ്പെടുത്തുന്ന വകുപ്പിൽ വരില്ലെന്നും പ്രതികൾ ക്രമസമാധാന പ്രശ്നമുണ്ടാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ കേസ് നിയമപരമായി നിലനിൽക്കില്ലെന്നും റദ്ദാക്കുകയാണെന്നും കോടതി വിധിക്കുകയായിരുന്നു.