തിരുവനന്തപുരം: പ്രതിയിൽ നിന്ന് ഗൂഗിൾ പേ വഴി പണം വാങ്ങിയതിൽ ജയിലിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടിയില്ല. കണ്ണൂർ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ് ബാബുവിനെതിരെയാണ് ജയിൽ വകുപ്പ് നടപടിയെടുക്കാത്തത്. മലമ്പുഴ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടായിരിക്കെ 2022-ലാണ് സ്വർണക്കടത്ത് പ്രതിയിൽ നിന്ന് ദിനേശ് ബാബു 25,000 രൂപ വാങ്ങിയത്. 2023-ലാണ് പണം വാങ്ങിയെന്ന് കണ്ടെത്തിയത്.
പൊലീസും ജയിൽ ഉന്നത ഉദ്യോഗസ്ഥരും അന്വേഷണം നടത്തി ദിനേശ് ബാബുവിനെതിരെ റിപ്പോർട്ട് നൽകിയിരുന്നു. ഗുരുതരവീഴ്ചയെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. എന്നാൽ, റിപ്പോർട്ട് നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും ദിനേശ് ബാബുവിനെതിരെ നടപടിയെടുത്തിട്ടില്ല. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. കൊലക്കേസ് പ്രതിയുടെ ഫോണിലും ദിനേശ് ബാബുവിന്റെ ചാറ്റ് കണ്ടെത്തിയിരുന്നു.