ഹോളിവുഡ്: വിനോദ ലോകത്തെ ഞെട്ടിച്ച നീക്കത്തില്‍ ജെയിംസ് ബോണ്ട് ഫിലിം ഫ്രാഞ്ചൈസി ആമസോണ്‍ പൂര്‍ണ്ണമായും ഏറ്റെടുത്തു. ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ ദീർഘകാല നിർമ്മാതാക്കളായ മൈക്കൽ ജി. വിൽസണും ബാർബറ ബ്രോക്കോളിയില്‍ നിന്നും 007 ഫ്രാഞ്ചൈസിയുടെ മുഴുവന്‍ സൃഷ്ടിപരമായ നിയന്ത്രണവും ആമസോൺ എംജിഎം സ്റ്റുഡിയോ ഏറ്റെടുത്തുവെന്നാണ് വിവരം.
വെറൈറ്റി പറയുന്നതനുസരിച്ച് 007-ൻ്റെ ദീർഘകാല നിർമ്മാതാക്കളായ മൈക്കൽ ജി. വിൽസണും ബാർബറ ബ്രോക്കോളിയും ചിത്രത്തില്‍ നിന്നും പൂര്‍ണമായും പിന്മാറുന്നുവെന്ന് അറിയിച്ച് വ്യാഴാഴ്ച പ്രഖ്യാപനം നടത്തി.
പുതിയ കരാര്‍ അനുസരിച്ച് ആമസോൺ എംജിഎം സ്റ്റുഡിയോ, മൈക്കൽ, ബാർബറ എന്നിവർ ജെയിംസ് ബോണ്ടിന്‍റെ ബൗദ്ധിക സ്വത്തവകാശം കൈയ്യാളും, ഇത് മൂന്നു കക്ഷികളും ചേര്‍ന്നുള്ള ഒരു പുതിയ സംയുക്ത സംരംഭത്തിനായിരിക്കും. മൂന്ന് പാർട്ടികളും ഫ്രാഞ്ചൈസിയുടെ സഹ-ഉടമകളായി തുടരും. എന്നാൽ ആമസോൺ എംജിഎം ആയിരിക്കും ഏത് ചിത്രം നിര്‍മ്മിക്കണം, ആരായിരിക്കണം അടുത്ത ബോണ്ട് തുടങ്ങിയ തീരുമാനങ്ങള്‍ എടുക്കുക.
അതേ സമയം ആമസോണ്‍ മേധാവിയായ ജെഫ് ബെസോസ് അടുത്ത ബോണ്ട് ആരാണ് ആകേണ്ടത് എന്ന് ചോദിച്ച് എക്സില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. അടുത്ത ജെയിംസ് ബോണ്ട് ചിത്രം ഉടന്‍ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. അതേ സമയം ജെയിംസ് ബോണ്ട് സ്പിന്‍ ഓഫ് സീരിസുകളും ആമസോണിന്‍റെ പദ്ധതിയില്‍ ഉണ്ടെന്നാണ് വിവരം.
1962-ലാണ് ആൽബർട്ട് കബ്ബി ബ്രൊക്കോളി ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ അവതരിപ്പിച്ചത്. പിന്നീട് അദ്ദേഹത്തിന്‍റെ മകള്‍ അത് ഏറ്റെടുത്തു. 2022-ലാണ് ജെയിംസ് ബോണ്ട് ചിത്രം നിര്‍മ്മിച്ചിരുന്ന എംജിഎം സ്റ്റുഡിയോ ആമസോണ്‍ ഏറ്റെടുത്തത്. 2021ല്‍ ഇറങ്ങിയ നോ ടൈം ടു ഡൈ ആണ് അവസാനം ഇറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം. ഡാനിയൽ ക്രെയ്ഗ് ഈ ചിത്രത്തോടെ ജെയിംസ് ബോണ്ട് വേഷം ഉപേക്ഷിച്ചു. ഇതിന് പിന്നാലെ അടുത്ത ബോണ്ട് ആരെന്ന ചര്‍ച്ച നടക്കുന്നതിനിടെയാണ് പുതിയ കരാര്‍.