ഓസ്‌ട്രേലിയക്കെതിരായ ബ്രിസ്‌ബേൻ ടെസ്റ്റിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ റെക്കോർഡിട്ട് ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. സെന(സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ തവണ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യൻ പേസറെന്ന റെക്കോർഡാണ് ബുമ്ര സ്വന്തമാക്കിയത്. സെന രാജ്യങ്ങളിൽ ബുമ്രയുടെ കരിയറിലെ എട്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്.

ഏഴ് തവണ അഞ്ച് വിക്കറ്റെടുത്തിട്ടുള്ള ഇന്ത്യൻ ബൗളിംഗ് ഇതിഹാസം സാക്ഷാൽ കപിൽ ദേവിനെയാണ് ബുമ്ര ഇന്ന് പിന്നിലാക്കിയത്. ഇതിനൊപ്പം ഇന്ത്യൻ പേസർമാരിൽ ഏറ്റവും കൂടുതൽ തവണ അഞ്ച് വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടവും ബുമ്ര ഇന്ന് സ്വന്തമാക്കി. ടെസ്റ്റ് കരിയറിലെ പന്ത്രണ്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് ബുമ്ര ഇന്ന് ബ്രിസ്‌ബേനിൽ ഓസ്‌ട്രേലിയക്കെതിരെ സ്വന്തമാക്കിയത്. വെറും 82 ഇന്നിംഗ്‌സുകളിലാണ് ബുമ്രയുടെ പന്ത്രണ്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടം.

165 ഇന്നിംഗ്‌സുകളിൽ 11 തവണ അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത സഹീർ ഖാനെയും 188 ഇന്നിംഗ്‌സുകളിൽ 11 തവണ അഞ്ച് വിക്കറ്റെടുത്തിട്ടുള്ള ഇഷാന്ത് ശർമയെയുമാണ് ബുമ്ര ഇന്ന് മറികടന്നത്. 227 ഇന്നിംഗ്‌സുകളിൽ 23 തവണ അഞ്ച് വിക്കറ്റെടുത്തിട്ടുള്ള കപിൽ ദേവാണ് ഏറ്റവും കൂടുതൽ തവണ അഞ്ച് വിക്കറ്റെടുത്ത ഇന്ത്യൻ പേസർ. കരിയറിൽ 43 ടെസ്റ്റുകളിൽ നിന്ന് 19.81 ശരാശരിയിൽ 190 വിക്കറ്റാണ് ബുമ്ര ഇതുവരെ എറിഞ്ഞിട്ടത്.