കണ്ണൂർ: നായികാപ്രാധാന്യമുള്ള സിനിമകൾ ചെയ്യൽ ബുദ്ധിമുട്ടേറിയതാണെന്നും അത്തരം സിനിമകൾക്ക് മുതൽമുടക്കാൻ നിർമാതാവ് തയ്യാറാകണമെന്നില്ലെന്നും സംവിധായകൻ ജിയോ ബേബി പറഞ്ഞു.
മതരഹിതരുടെ കൂട്ടായ്മയായ നോൺ റിലീജിയസ് സിറ്റിസൺസ് കണ്ണൂർ ഘടകത്തിന്റെ നേതൃത്വത്തിൽ ഹ്യൂമനിസം’24 എന്നപേരിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിക്ക തീരുമാനങ്ങളും പുരുഷന്മാരുടെ തലയിൽ നിന്നുണ്ടാകുന്നതിനാലാണ് പുരുഷകേന്ദ്രീകൃതമായ വ്യവസ്ഥ നിലനിൽക്കുന്നത്. സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകേണ്ടതല്ല, ഉണ്ടായിവരേണ്ടതാണ്.ഭാര്യ എന്നതിനുപകരം പങ്കാളി എന്ന പദം ഉപയോഗിച്ചതുകൊണ്ട് ആരെങ്കിലും സ്ത്രീകളെ തുല്യതയോടെ കാണുന്നുവെന്ന് കരുതാനാകില്ല.
പൂജ, തേങ്ങയുടയ്ക്കൽ തുടങ്ങിയവ സിനിമാസെറ്റുകളിൽ പതിവാണ്. ഇടതുപക്ഷ സർക്കാർപോലും ഇത്തരം അന്ധവിശ്വാസങ്ങളിൽനിന്ന് മുക്തമല്ല. പവർഗ്രൂപ്പ് സിനിമയിൽ മാത്രമല്ല, കുടുംബവ്യവസ്ഥയിൽ ഉൾപ്പെടെയുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് തൊഴിലിടത്തിൽ മാറ്റമുണ്ടാക്കും -അദ്ദേഹം പറഞ്ഞു.