രാജ്യത്ത് ടെലികോം സേവനദാതാക്കള്‍ തമ്മിലുള്ള മത്സരം മുറുകിയിരിക്കേ പുത്തന്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. ഭാരതി എയര്‍ടെല്‍, ബിഎസ്എന്‍എല്‍ എന്നീ എതിരാളികള്‍ക്ക് ചങ്കിടിപ്പ് സമ്മാനിക്കുന്ന ജിയോയുടെ റീച്ചാര്‍ജ് പ്ലാനാണിത്. കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളുമായി കളംനിറയുന്ന ബിഎസ്എന്‍എല്ലിനാണ് ജിയോയുടെ നീക്കം കൂടുതല്‍ തലവേദന സൃഷ്ടിക്കുക. 

91 രൂപയാണ് റിലയന്‍സ് ജിയോയുടെ റീച്ചാര്‍ജിന്‍റെ വില. അണ്‍ലിമിറ്റഡ് കോളിംഗ്, 3ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിന്‍റെ സവിശേഷതകള്‍. 28 ദിവസത്തേക്ക് ആകെ 3 ജിബി ഡാറ്റയാണ് 91 രൂപ റീച്ചാര്‍ജില്‍ ജിയോ നല്‍കുന്നത്. 100 എംബിയുടെ ഡെയ്‌ലി ലിമിറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നു. ഡാറ്റ പരിധി കഴിഞ്ഞാല്‍ 200 എംബി അധിക ഡാറ്റ ലഭിക്കും. അധികം ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള റീച്ചാര്‍ജ് പ്ലാനാണിത്. സ്ഥിരമായി റീല്‍സ് കാണുന്നവരെ പോലുള്ള ഉപഭോക്താക്കള്‍ക്ക് ഈ പ്ലാന്‍ മതിയാവില്ല. 50 സൗജന്യ എസ്എംഎസും ജിയോയുടെ 91 രൂപ റീച്ചാര്‍ജില്‍ ലഭിക്കും.