ഫ്രാൻസിസ് പാപ്പ ഡിസംബർ 26-ന് റോമിലെ റെബീബിയയിലെ ജയിലിൽ വിശുദ്ധ വാതിൽ തുറക്കും. പാപ്പ വിശുദ്ധ വാതിൽ തുറക്കാനെത്തുന്നത് കാരുണ്യത്തിന്റെയും പ്രത്യാശയുടെയുമായ ഒരു ദൗത്യമാണെന്ന് ജയിൽ അധികൃത സാറാ ബ്രുണേത്തി പറഞ്ഞു.
ജയിലിൽ ഞങ്ങൾ നടത്തുന്നത് ഒരു ജോലി മാത്രമല്ല ഒരു വിളിയും കൂടിയാണെന്നും എന്നാലിപ്പോൾ പാപ്പയുടെ സന്ദർശനം അതിനൊരു അംഗീകാരമാകുകയാണെന്നും സാറാ പറഞ്ഞു. തടവറലോകത്തെ എന്നും കരുണയുടെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചുകൊണ്ട് പാപ്പ ജയിൽവാസികളുടെ കാര്യത്തിൽ എപ്പോഴും കാണിക്കുന്ന ശ്രദ്ധയ്ക്ക് സാറ നന്ദി പ്രകാശിപ്പിച്ചു. ജയിൽപ്പൊലീസിന്റെ ഔദ്യോഗിക ചിഹ്നത്തിലുള്ള മൂന്നു തീജ്വാലകളെക്കുറിച്ചു പരാമാർശിച്ചുകൊണ്ട് അവ തങ്ങളുടെ ദൈനംദിന ജീവിത ദൗത്യത്തിൽ ജ്വലിക്കുന്ന പ്രത്യാശയുടെയും കാരുണ്യത്തിന്റെയും അഗ്നിനാളങ്ങളാണെന്ന് സാറ പറഞ്ഞു.
ആദ്യമായിട്ടായിരിക്കും ഒരു കാരാഗൃഹത്തിൽ ഒരു വിശുദ്ധ വാതിൽ പാപ്പ തുറക്കുക. ഡിസംബർ 24-ന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയിലെ വിശുദ്ധ വാതിലും 26-ന് റെബീബിയ ജയിലിലെ വിശുദ്ധവാതിലും പാപ്പ തുറക്കും. റോമിലെ ഇതര പേപ്പൽ ബസിലിക്കകളുടെ വിശുദ്ധ വാതിലുകൾ, അതായത്, വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയുടെ ഡിസംബർ 29-നും വിശുദ്ധ മേരി മേജർ ബസിലിക്കയുടെ 2025 ജനുവരി 1-നും വിശുദ്ധ പൗലോസിന്റെ ബസിലിക്ക ജനുവരി 5-നും ആയിരിക്കും തുറക്കപ്പെടുക.