ജഡ്ജിമാർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നും വിധിന്യായങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഓൺലൈനിൽ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്നും സുപ്രീംകോടതി. ജഡ്ജിമാർ സന്യാസിയെപ്പോലെ ജീവിക്കണമെന്നും കുതിരയെപ്പോലെ ജോലി ചെയ്യണമെന്നും കോടതി അഭിപ്രായപ്പെട്ടു.
മധ്യപ്രദേശ് ഹൈക്കോടതിയിലെ വനിതാ ജുഡീഷ്യൽ ഓഫീസർമാരായ അദിതി കുമാർ ശർമ്മ, സരിതാ ചൗധരി എന്നിവരെ പിരിച്ചുവിട്ട കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ബി.വി നാഗരത്ന, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് പരാമർശം നടത്തിയത്. ‘ജുഡീഷ്യൽ ഉദ്യോഗസ്ഥർ ഫെയ്സ്ബുക്കിൽ നിന്നും അകലം പാലിക്കണം. അവർ വളരെയധികം ത്യാഗങ്ങൾ ചെയ്യേണ്ടതുണ്ട്. ഉദ്യോഗസ്ഥർ വിധിന്യായങ്ങളെക്കുറിച്ച് അഭിപ്രായം പറയരുത്. അഭിപ്രായങ്ങൾ പ്രകടിപ്പിച്ചാൽ നാളെ വരാനിരിക്കുന്ന വിധി മറ്റൊരു തരത്തിൽ പുറത്തുവരും’ എന്ന് കോടതി വ്യക്തമാക്കി.
അമിക്കസ്ക്യൂറിയും കോടതിയുടെ ഉപദേശകനുമായിരുന്ന മുതിർന്ന അഭിഭാഷകൻ ഗൗരവ് അഗർവാളിന്റെ സബ്മിഷനെത്തുടർന്നാണ് വനിതാ ജഡ്ജിമാർക്കെതിരായ പരാതികൾ ഉയർന്നത്. പ്രകടന മികവിന്റെ പേരിൽ 2023 നവംബർ 11ന് ആയിരുന്നു ആറ് വനിതാ സിവിൽ ജഡ്ജിമാരെ പിരിച്ചുവിട്ടത്. പിന്നീട് മധ്യപ്രദേശ് ഹൈക്കോടതി അവരിൽ നാലുപേരെ നിബന്ധനകൾക്ക് വിധേയമായി സർവീസിൽ തിരികെയെടുത്തു. എന്നാൽ രണ്ടു ജഡ്ജിമാരെ പുറത്താക്കി. ഇതിനെതിരെയാണ് ജഡ്ജിമാർ സുപ്രീംകോടതിയെ സമീപിച്ചത്.