വിദ്വേഷ പരാമർശം നടത്തിയ ജസ്റ്റിസ് എസ്.കെ യാദവിനെ ഇംപീച്ച്‌ ചെയ്യണമെന്ന് നോട്ടീസ് . ഇൻഡ്യ സഖ്യം എംപിമാരാണ് രാജ്യസഭാ സെക്രട്ടറി ജനറലിന് നോട്ടീസ് നല്‍കിയത്.

55 എംപിമാരാണ് നോട്ടീസില്‍ ഒപ്പുവെച്ചത്.ഡിംസബർ എട്ടിന് സംഘ്പരിവാർ സംഘടനയായ വിഎച്ച്‌പി ഏക സിവില്‍കോഡ് സംബന്ധിച്ച്‌ സംഘടിപ്പിച്ച പരിപാടിയിലാണ് ജസ്റ്റിസ് എസ്.കെ യാദവ് വിവാദ പരാമർശങ്ങള്‍ നടത്തിയത്.

ഭൂരിപക്ഷത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് ഇന്ത്യ മുന്നോട്ട് പോവുക എന്നായിരുന്നു ജഡ്ജി പറഞ്ഞത്.”ഇത് ഹിന്ദുസ്ഥാനാണെന്ന് പറയാൻ എനിക്ക് മടിയില്ല. ഭൂരിപക്ഷത്തിന്റെ ആഗ്രഹ പ്രകാരമായിരിക്കണം ഹിന്ദുസ്ഥാനില്‍ കാര്യങ്ങള്‍ നടക്കേണ്ടത്. ഭൂരിപക്ഷത്തിന് ക്ഷേമവും സന്തോഷവും ഉണ്ടാവുന്ന ഭരണം മാത്രമേ ജനങ്ങള്‍ സ്വീകരിക്കുകയുള്ളൂ”-ജഡ്ജി പറഞ്ഞു.

ജഡ്ജിയുടെ പ്രസംഗം വിവാദമായതോടെ അദ്ദേഹത്തെ ഇംപീച്ച്‌ ചെയ്യണമെന്ന് ആവശ്യമുയർന്നിരുന്നു. ദി ക്യാമ്പയിന്‍ ഫോർ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് (സിജെഎആർ) ജസ്റ്റിസ് യാദവിനെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കുകയും ചെയ്തിരുന്നു.