ഇ.പി ജയരാജൻ്റെ ആത്മകഥ വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഐഎം സമ്പൂർണ തകർച്ചയിലേക്ക് പോവുകയാണെന്നും അതിന്‍റെ തെളിവാണ് ഇ.പി ജയരാജൻ്റെ വെളിപ്പെടുത്തലുകളെന്നും കെ സുരേന്ദ്രൻ പാലക്കാട്ട് പറഞ്ഞു.
പിണറായി വിജയൻ്റെ കുടുംബാധിപത്യമാണ് പാർട്ടിയിൽ നടക്കുന്നതെന്നും മരുമകനിലേക്ക് അധികാര കൈമാറ്റം നടത്താനുള്ള വ്യഗ്രതയിലാണ് മുഖ്യമന്ത്രിയെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.
“ഇ.പി പറയുന്നത് നോക്കിയാല്‍ അധികാരവും സമ്പത്തും ഒരു കുടുംബത്തിലേക്ക് കേന്ദ്രീകരിക്കുന്നതാണ് പാര്‍ട്ടി നേരിടുന്ന വലിയ പ്രതിസന്ധി. സമ്പൂര്‍ണമായ തകര്‍ച്ചയിലേക്കാണ് സി.പി.എം പോകുന്നത് എന്നതിന്റെ തെളിവുകളാണിത്. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലും സംഭവിക്കുകയാണ്. മരുമകന് അധികാരകൈമാറ്റം നടത്താനുള്ള വ്യഗ്രതയിലാണ് പിണറായി. ഇതിനെതിരായുള്ള വലിയ രോഷം പാര്‍ട്ടിക്കകത്ത് അലയടിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇ.പി ജയരാജന്‍, ജി. സുധാകരന്‍, തോമസ് ഐസക്ക്, എം.എ ബേബി എ.കെ ബാലന്‍ തുടങ്ങിയ പ്രമുഖരെ മാറ്റി നിര്‍ത്തിയത് മുഹമ്മദ് റിയാസിലേക്ക് അധികാരം കൈമാറുന്നതിനാണ്”, സുരേന്ദ്രൻ പറഞ്ഞു.